ഞാൻ ആസ്തികനൊ നാസ്തികനൊ? എളുപ്പമായ ഒരു ഉത്തരം ഇല്ലാത്ത ചോദ്യം. ഈശ്വര വിശ്വാസം എനിക്കില്ലാതെ ആയിട്ട് കുറച്ചു കാലമായി. ആ അർത്ഥത്തിൽ ഞാൻ എന്തായാലും ആസ്തികനല്ല. "ഞാൻ" ഉണ്ട് എന്ന ബോധ്യം ഉണ്ടലോ, അതു തന്നെ ആണ് ഈശ്വരൻ, എന്ന് അച്ഛൻ എപ്പോഴും പറയും. എന്നാൽ "ഞാൻ" ഉണ്ട് എന്ന് എനിക്ക് ബോധ്യം അല്ലെങ്കിൽ ഉറപ്പ് ഇല്ലാതെ ആയിട്ടും കുറച്ചുകാലമായി. അതെങ്ങിനെ എന്ന് തോന്നുന്നുണ്ടാവും. ഞാൻ എന്നത് നമ്മൾ സൗകര്യാർത്ഥം ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ്, എന്നാണെന്റെ വിശ്വാസം. 10 കൊല്ലം മുൻപേ ഉള്ള ഞാനും ഇന്നത്തെ ഞാനും തമ്മിൽ വലിയ സാമ്യം ഒന്നും ഇല്ല. അവർ രണ്ടാൾക്കാർ ആണെന്ന് തന്നെ പറയാം. മാറ്റമില്ലാത്ത ഒരു ഞാൻ ഇല്ല എന്നതാണ് ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. ക്ഷണികമായി "ഞാൻ" എന്നൊരു തോന്നൽ ഉണ്ട്. എന്നാൽ അതും നമ്മുടെ ബുദ്ധി സൗകര്യാർത്ഥം സൃഷ്ടിക്കുന്ന ഒരു പ്രഹേളികയായിട്ടാണ് എനിക്ക് തോന്നുന്നത്. സർവൈവൽ കൂട്ടുവാൻ വേണ്ടിയിട്ടുള്ള ഒരു എവല്യൂഷണറി മെക്കാനിസം. അതെന്തോ ആയിക്കോട്ടെ, എന്നാലും അങ്ങിനെ ഒരു തോന്നൽ ഉണ്ടലോ? കണ്ണടച്ചാലും, ചെവിപൊതിയാലും, ഇന്ദ്രിയങ്ങൾക്കതീതമായ ഒരു തോന്നൽ. ഉറങ്ങിയാൽ പോല...