കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ?
രംഗം: ഒരു രാജ്യ സഭ, രാജസിംഹാസനത്തിൽ നിന്നുള്ള ദൃശ്യം. സഭയുടെ ഇരുവശത്തായി ഇരുപതോളം അംഗങ്ങൾ ആസനസ്ഥരാണ്. കുറച്ച് ഭടന്മാർ. ബാക്കിയുള്ള ആസനങ്ങളിൽ നിന്ന് കുറച്ച് വിട്ട്, ഏറ്റവും മുമ്പിൽ, ഗാംഭീര്യം കുറച്ചധികമുള്ള മറ്റൊരാസനം. അതിൽ കണ്ണുകളിൽ അതീവ തേജസുള്ള ഒരാളും, രാജ്യത്തിന്റെ മന്ത്രി. മന്ത്രി പതുക്കെ എഴുന്നേറ്റ് സഭയുടെ മധ്യഭാഗത്തേക്ക് വരുന്നു. എന്നിട്ട് സിംഹാസനത്തിനെ (കാണികളെ) അഭിമുഖീകരിച്ച് പറഞ്ഞു മന്ത്രി: രാജൻ! ഇന്ന് നമ്മുടെ മുമ്പാകെ പരാതി സമർപിയ്ക്കാൻ എത്തിയിരിക്കുന്നത് അനേകം യുദ്ധങ്ങളുടെ വിജയകാരണമായ ശ്രീമാൻ ആദിത്യ വർമ്മയാണ്. ഏകദേശം ഒരു ദശവർഷം മുമ്പെ, ഒരു യുദ്ധത്തിൽ അദ്ദേഹത്തിന്റെ ഇടതുകയ്യ് തളർന്ന് പോയതും, തന്മൂലം സൈന്യത്തിൽ നിന്ന് വിരമിച്ചതും നമ്മുക്കേവർക്കും അറിയാവുന്നതാണല്ലൊ. അന്നത്തെ രാജാവായ ഭവാന്റെ പിതാവ്, ആദിത്യ വർമ്മയുടെ അതുവരെയുള്ള സേവനം കണക്കിലെടുത്ത് സൈന്യത്തിൽ തുടരാനുള്ള സമ്മതം കൊടുത്തുവെങ്കിലും, അദ്ദേഹമത് നിരസിച്ചു. യുദ്ധം ചെയ്യാൻ കഴിവില്ലാത്തൊരാൾ യോദ്ധാവാവുനത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ഉത്തമ സ...