കല്യാണം എന്തിന് ?

എഴുത്തിൽ മിതത്വം പാലിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. വികാര വിക്ഷോഭങ്ങളെക്കാൾ യുക്തിക്കാണ് പ്രാധാന്യം എന്ന ഉറച്ച വിശ്വാസം. എന്നാൽ ഇതേ വികാരങ്ങൾ അടിഞ്ഞുകൂടി നമ്മെ വീർപ്പുമുട്ടിക്കുന്ന സാഹചര്യങ്ങളും ഉണ്ട്. ആരോടെങ്കിലും ഒക്കെ ഇതൊക്കെ ഒന്നു പറയണം എന്ന് തോന്നും. അങ്ങിനെ ഒരു അവസ്ഥയിൽ ആണ് ഞാനും. എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്ന, ഞാൻ തികച്ചും സത്യം എന്ന് വിശ്വസിക്കുന്ന വാക്കുകൾ. എന്നാൽ, വികാരങ്ങൾക്ക് അധീനമായാണ് ഇത് പറയുന്നത്, അതിന്റെതായ ചില പിഴവുകൾ ഉണ്ടാവാം.

ശണ്ഠന്റെ വിലാപം എന്ന കുറിപ്പിൽ, കല്യാണം കഴിക്കണോ വേണ്ടേ എന്ന സംശയം, അതേ തുടർന്ന് ഞാൻ നടത്തിയ അന്വേഷണങ്ങൾ, ഞാൻ അസെക്ഷ്വൽ ആണെന്ന തിരിച്ചറിവ് ഇവയെ എല്ലാം കുറിച്ച് ഞാൻ പറഞ്ഞിരുന്നുവല്ലോ. അതുമായി ബന്ധമുള്ള ചില സംഭവങ്ങൾ ആണ് എനിക്ക് ഇപ്പോൾ പറയാൻ ഉള്ളത്. അതിൽ പറഞ്ഞത് പോലെ കല്യാണം എന്ന വിഷയത്തെ കുറിച്ച് ഞാൻ പലരോടും ചർച്ച ചെയ്തിട്ടുണ്ട്. അവയിൽ ഒരു പ്രധാന വിഷയമായിരുന്നു കല്യാണത്തിന്റെ ഉദ്ദേശം. ഒരു നീണ്ട ലിസ്റ്റ് തന്നെ ഞാൻ ശേഖരിച്ചിരുന്നു. എന്നാൽ അതിൽ സെക്സ് ഉണ്ടായിരുന്നില്ല എന്നത് എന്നെ അന്നേ അത്ഭുതപെടുത്തിയിരുന്നു. അത് പ്രകടിപ്പിക്കാനും ഞാൻ മടി കാണിച്ചില്ല. എന്നാൽ സെക്സിന് വലിയ പ്രധാന്യമൊന്നും ഇല്ല എന്നായിരുന്നു എല്ലാവരുടെയും ഉത്തരം. മുഴുവൻ വിശ്വാസമായില്ലെങ്കിലും അവരെ ഉള്ള വിശ്വാസംകൊണ്ട് ഞാൻ അത് വിശ്വസിച്ചു.

അത് കഴിഞ്ഞായിരുന്നു ഞാൻ ശണ്ഠന്റെ വിലാപം എഴുതിയത്. അത് വായിച്ചതിന് ശേഷം നേർവിപരീതം ആണ് എന്നോട് എല്ലാരും പറഞ്ഞത്. "സെക്സിന് വേണ്ടിയാണ് എല്ലാവരും കല്യാണം കഴിക്കുന്നത്. ഒട്ടും സുഖകരമായ ഒന്നല്ല വൈവാഹിക ജീവിതം. ഒരു പാട് കഷ്ടപാടുണ്ട്. അത്തരം ചിന്തകൾ ഇല്ലെങ്കിൽ പിന്നെ കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത് " എന്നെല്ലാം പറയാൻ തുടങ്ങി. ഒരു ദിവസംകൊണ്ട് കല്യാണത്തിന്റെ സ്ഥാനവും അന്തസ്സും വിലയും എല്ലാം ഇടിഞ്ഞു വീണു. എന്നോട് അസൂയ തോന്നുന്നു എന്ന് വരെ ചിലർ പറഞ്ഞു. ഇവ രണ്ടും, ഇത്രയും കാലം പറഞ്ഞതും ഇപ്പോൾ പറയുന്നതും, ഒരേ സമയം സത്യമാവാൻ കഴിയില്ല. ആരെ വിശ്വസിക്കണം എന്ത് വിശ്വസിക്കണം എന്ന് അറിയാത്ത ഒരവസ്ഥ. ചതിക്കപ്പെട്ടത് പോലെ. എല്ലാവരോടും വെറുപ്പ് തോന്നി. വെറുതെ വിടാൻ തോന്നിയില്ല. ഞാൻ ചോദിച്ചു "അങ്ങിനെ എങ്കിൽ നേരത്തെ സെക്സിന് വേണ്ടിയാണോ കല്യാണം കഴിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, അല്ല എന്ന് പറഞ്ഞതെന്തിന് ?". തികച്ചും അത്ഭുതകരമായിരുന്നു ഉത്തരം. സെക്സിന്റെ പ്രാധാന്യം അറിയാത്തവർ ആരുണ്ട് എന്ന ചോദ്യമായിരുന്നു ഉത്തരം. എല്ലാം പറയാൻ പാടില്ലാ ത്രെ. ഞാൻ മരമണ്ടൻ, അത് പോലും മനസിലായില്ല. അതിൽപിന്നെ എന്നോട് ആരും കല്യാണക്കാര്യം മിണ്ടിയിട്ടില്ല. എനിക് താൽപര്യം ഉണ്ടെന്ന് പറഞ്ഞിട്ടും. താൽപര്യം ഇല്ലാത്തപ്പോൾ നിര്ബന്ധിച്ചവർ പോലും. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

അപ്പോഴാണ് കെൻഷിൻ എന്ന പ്രശസ്ത അനിമേ/മാംഗയിലെ ഒരു ഡയലോഗ് എനിക്ക്‌ ഓർമ വന്നത്. അതി മനോഹരമാണ് കെൻഷിൻ. കാണാത്തവർ കണ്ട് നോക്കിയോക്കിൻ, ഇഷ്ടാവും. അതിൽ ഒരു സ്ത്രീയോട് കെൻഷിന്റെ അഭ്യുതാകാൻക്ഷികളിൽ ഒരാൾ ചോദിക്കും " കെൻഷിന്റെ ഉറ (വാളുറ) ആകാൻ പറ്റുമോ എന്ന് ". മാംഗയിൽ പല ആർത്ഥങ്ങളും ഉള്ള ഒരു ഡയലോഗ്‌ ആണിത്. മുഴുവൻ മനസിലാവണമെങ്കിൽ അത് കാണുക/വായിക്കുകതന്നെ വേണം. എന്നാൽ അതിൽ ഒരു അർത്ഥം ഇപ്പോൾ കൂടുതൽ പ്രസക്തമായി തോന്നി, ഫ്രോയിടിയൻ വ്യാഖ്യാനം. മുമ്പും ഇത് കത്തിയിരുന്നു, എന്നാൽ ഇത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. വാളും ഉറയും ജനിതകാവയവങ്ങളായി സാരൂപ്യം ഉള്ളവയാണല്ലോ. കല്യാണത്തിന്റെ പ്രസക്തി എന്ന ചോദ്യത്തിന് ഒരു പുതിയ ഉത്തരം എനിക്ക് കിട്ടി. സമൂഹത്തിനെ ആണിൽനിന്ന് രക്ഷിക്കുക, ആണെന്ന കാമപിശാചിൽ നിന്ന്. ഞാൻ കല്യാണം കഴിക്കുന്നത് അതിനാൽ തന്നെ എല്ലാവരുടെയും ആവശ്യം ആയിരുന്നു. എന്നാൽ മൂർച്ചയില്ലാത്ത വാളിനെന്തിനാ ഉറ, അല്ലെ? അപ്പോൾ സ്നേഹമായിരുന്നില്ല ശെരിക്കും, പേടി ആയിരുന്നു പേടി. വീണ്ടും വെറുപ്പ് തോന്നി.
ഈ വെറുപ്പ് പൂർണമായി പോയി എന്ന് പറയാൻ കഴിയില്ല, എന്നാൽ ഇതേക്കുറിച്ച് പറയാൻ കഴിയുന്ന ഒരവസ്ഥ വരെ എത്തി. ബാക്കി, കാലം ഉണക്കുമായിരികും.

ഒരു കാര്യം ചിലപ്പോൾ വളരെ വ്യക്തമായിരിക്കും എന്നാലും പറയുകയാണ് നല്ലത് എന്ന് തോന്നി. ഇവിടെ ഞാൻ പറഞ്ഞത്, നമ്മുടെ സമൂഹത്തിന്റെ കാര്യമാണ്. തികച്ചും വ്യത്യസ്തമായ ഒരു സമൂഹത്തിൽ വേറെ ഉദ്ദേശങ്ങൾ ഉണ്ടാകാം. വ്യക്തികൾക്കും വേറെ ഉദ്ദേശങ്ങൾ ഉണ്ടാകാം. സെക്‌സ് തന്നെ ആണ് പ്രധാനം എന്ന് തന്നെ ആണ് എനിക്ക് തോന്നുന്നത്, കാരണം ഒരു ദിവസം കൊണ്ട് ഇടിഞ്ഞത് കല്യാണത്തിന്റെ മൂല്യം മാത്രമല്ല. എന്റെ വിവാഹ യോഗ്യത കൂടി ആണ്. നല്ല മൂഡിലുള്ളപ്പോൾ, സെക്‌സ്, ഉപ്പ് പോലെയാണെന്ന് പറയും ഞാൻ. ഉപ്പല്ല കൂട്ടാന് സ്വാദ് നൽകുന്നത്, എന്നാൽ ഉപ്പില്ലെങ്കിൽ സ്വാദില്ല.

വികാര വിക്ഷോഭമാണ് ഈ കുറിപ്പെങ്കിലും വേറെയും ഒരു ഉദ്ദേശം ഉണ്ട്. എന്നെ പോലെ വേറെയും മരമണ്ടന്മാർ ഉണ്ടാകാം. അങ്ങിനെ ആർക്കെങ്കിലും ഗുണകരമായാൽ സന്തോഷം.

Comments

  1. ഞാൻ ഇപ്പോളും ചിന്തിക്കുന്ന ഒരുപാട് കാര്യങ്ങളിൽ ഒന്നാണ് ഇന്നും ഉത്തരം ഇല്ലാത്ത ഒരു ചോദ്യത്തിൽ ഒന്ന്....

    ReplyDelete

Post a Comment

Popular posts from this blog

ജോലിയും കൂലിയും

ശണ്ഠന്റെ വിലാപം