ശണ്ഠന്റെ വിലാപം

ഒരു സാധാരണ ജീവിതം മാത്രം ആഗ്രഹമുള്ള ഒരു സാധരണക്കാരനാണ്‌ ഞാൻ.  വലിയ അംബീഷൻ ഒന്നും ഇല്ല്യ എന്നു തന്നെ പറയാം.  അതിനാൽ തന്നെ PhD കഴിഞ്ഞാൽ ഉടനെ എന്റെ കല്യാണം ഉണ്ടാവും എന്നു തന്നെയാണ്‌ ഞാനും എന്റെ സുഹൃത്തുകളും ബന്ധുക്കളും കരുതിയിരുന്നത്.  ഒരു 25-26 വയസ്സായപ്പോൾ (ഇപ്പോൾ എനിക്ക് 30 വയസ്സാണ്‌) ആലോചനകൾ വരാനും തുടങ്ങി.  കാര്യത്തിനോടടുത്തപ്പോൾ എന്റെ മട്ടും ഭാവവും മാറി.  എനിക്ക് എന്തെന്നില്ല്യാത്ത പേടി.  ഞാൻ തള്ളി നീക്കാൻ തുടങ്ങി.  PhD കഴിഞ്ഞിട്ടില്ല്യ എന്ന ന്യായം തുണക്കുണ്ടലോ (27 വയസ്സിലാണ്‌ PhD കഴിഞ്ഞത്).


പക്ഷെ, നല്ല നല്ല ആലോചനകൾ വന്നു തുടങ്ങി.  ആലോചിക്കുന്നതിൽ തെറ്റില്ല്യലോ, കല്യാണം PhD കഴിഞ്ഞിട്ടു തന്നെ മതി എന്ന മറുന്യായം അച്ഛനും അമ്മയും പറഞ്ഞു. എന്റെ പേടി മൂർധന്യാവസ്ഥയിലെത്തി. എനിക്ക് കല്യാണം വേണ്ട എന്ന് തോന്നി തുടങ്ങിയത് അപ്പോഴാണ്‌.  അച്ഛനോടും അമ്മയോടും അത് ഞാൻ അപ്പോൾ തന്നെ പറയുകയും ചെയ്തു.  അവർക്ക് അത് സമ്മതമായില്ല്യ എന്ന് പ്രത്യേകിച്ച് പറയണ്ടലൊ.  പലകുറി ചർച്ചകൾ നടന്നു.  എന്റെ മനസ്സ് മാറിയില്ല്യ.  ഞാൻ കൂടുതൽ പേരെ എന്റെ ഈ തീരുമാനം അറിയിച്ചു.  ചർച്ചയിൽ കൂടുതൽ പേർ പങ്കെടുക്കാൻ തുടങ്ങി.  കല്യാണത്തിന്റെ ആവശ്യകതയെ കുറിച്ച് പലരോടും ചർച്ച ചെയ്തു.  നെറ്റിൽ വായിക്കാൻ കിട്ടിയതെല്ലാം വായിച്ചു.  പറ്റുന്നത്രയും പഠിക്കുവാൻ ശ്രമിച്ചു.  എന്നിട്ടും എന്റെ മനസ്സ് മാറിയില്ല്യ.  


അങ്ങിനെ ഇരിക്കെ, ഒരു ദിവസം അച്ഛനോടും അമ്മയോടും ഞാൻ ഇതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു.  പതിവ് പോലെ ഞാൻ എന്നെ ന്യായീകരിക്കാൻ തുടങ്ങി.  ഫോണിലൂടെ ആയിരുന്നു,  കുറേ സംസാരിച്ചെങ്കിലും എനിക്ക് പറയാൻ ഉള്ളതെല്ലാം പറയാൻ കഴിഞ്ഞില്ല്യ. ഞാൻ എന്റെ ഭയങ്ങളും ആശങ്കകളും എഴുതാൻ തന്നെ തീരുമാനിച്ചു.  വലിയ ഒരു കത്ത് - അഞ്ചാറ്‌ പേജ് നീളമുള്ള ഒരു വലിയ കത്ത് - ഞാൻ അച്ഛനും അമ്മക്കും അന്ന് തന്നെ അയച്ചു. ഏട്ടനും ഇരിക്കട്ടെ ഒരു കോപ്പി എന്നുകരുതി ഫോർവാർഡ് ചെയ്തു.  രാത്രി ഏറെ വൈകിയിരുന്നു.  അന്ന് സമാധാനമായി ഉറങ്ങി.  


പിറ്റേന്ന് അച്ഛനും അമ്മയും വിളിച്ചു, കത്ത് വായിച്ച് പതുക്കെ മറുപടി തരാം എന്ന് പറഞ്ഞു. അവർക്ക് ഞാൻ എഴുതിയതിനോട് യോജിക്കാനൊന്നും കഴിഞ്ഞില്ല്യെങ്കിലും എന്റെ വിഷമം മനസ്സിലായി എന്ന് തോന്നുന്നു.  നിനക്ക് കല്യാണം വേണ്ട എന്ന് അത്രയ്ക്കുണ്ടെങ്കിൽ വേണ്ട എന്ന് അവർ പറഞ്ഞു.  ഏട്ടനും അതേ പക്ഷമായിരുന്നു.  എനിക്ക് ഒരു പെൺകുട്ടിയൊടും ആകർഷണം തോന്നിയിട്ടില്ല്യ, എനിക്ക് റൊമാൻസിന്‌ മോഹം തോന്നിയിട്ടില്ല്യ എന്നിവയാണ്‌ അങ്ങിനെ തോന്നാൻ കാരണം എന്നും ഏട്ടൻ പറഞ്ഞു.


പക്ഷെ നമ്മുടെ നാടല്ലെ.  കല്ല്യാണം കഴിക്കാതിരിക്കുന്നത് സമൂഹത്തിന്‌ അത്ര സമ്മതമല്ല.  പലരും ഉപദേശിക്കാനും ചർച്ചചെയ്യാനും വന്നു.  അവരിൽ പലരോടും ഞാൻ എന്റെ ആശങ്കകൾ പറഞ്ഞു.   പലർക്കും ഈ കത്തും കാണിച്ചു കൊടുത്തു.  നല്ല രീതിയിൽ തന്നെ ചർച്ചകൾ നടത്തി.  മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ ഞാൻ തയ്യാറായിരുന്നു.  അതിനുള്ള opennesss എനിക്കുണ്ട് എന്ന് തന്നെയാണ്‌ ഞാൻ വിശ്വസിക്കുന്നതു.  എന്നാൽ അത് മാത്രമല്ല കാരണം എന്നും എനിക്ക് ബോധ്യമാണ്‌.  കല്യാണം കഴിക്കാതെ ഇരിക്കാനും എനിക്ക് പേടി ആണ്‌ എന്നതാണ്‌ സത്യം - ഒറ്റപ്പെടുമൊ എന്ന പേടി.  


ഞാൻ കേട്ടതിന്റെ പത്തിരട്ടി എന്റെ അച്ഛനും അമ്മയും കേട്ടിട്ടുണ്ടാവും.  അതുകൊണ്ടാവണം, പുതിയ ആലോചനകൾ വരുമ്പോൾ, എന്നോടു പറയും - നല്ല ആലോചനയാണ്‌, ഒന്ന്‌ ആലോചിച്ചുകൂടെ.  ആയിടെ ഒരു ദിവസം അമ്മ വിളിച്ചു.  അമ്മയുടെ, ദിപ്പൂ എന്ന വിളികേട്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി.  എല്ലാം കൊണ്ടും എനിക്ക് ചേർന്നൊരു കുട്ടി - PhD ചെയ്യുന്നു, ഹാർട്ടോപരേഷൻ കഴിഞ്ഞതാണ്‌(എന്റെയും കഴിഞ്ഞതാണലൊ), അങ്ങിനെയൊക്കെ. അമ്മക്ക് നല്ല മോഹം തോന്നി.  നടക്കുമൊ എന്ന് വരെ ഞാൻ പേടിച്ചു.  ഫോണിൽ ഇതെല്ലാം കേട്ടപ്പോൾ എന്റെ വയറ്‌ കാളി, ദേഹം തണുത്തു, ചെവിയിൽ ഒരു ചൂട് അങ്ങിനെയൊക്കെ.  കുറച്ചു കഴിഞ്ഞപ്പോഴേക്കും തലവേദനയും തുടങ്ങി.   


ഞാൻ എന്റെ കൂട്ടുകാരോട് ഇത് ചർച്ച ചെയ്തു.  അവരും കല്ല്യാണം കഴിക്കുന്നതാണ്‌ നല്ലത്‌ എന്നുറപ്പിച്ച് പറഞ്ഞു.  ഫ്രാൻസിൽ താൻ സഹിച്ച ഒറ്റപ്പെടൽ ശത്രൂകൾക്കു പോലും വരരുതെ എന്നാണ്‌ പ്രാർത്ഥന എന്ന് ഒരാൾ പറഞ്ഞു.   


എല്ലാവരുടെയും അഭിപ്രായത്തിന്‌ വിരുദ്ധമായി കല്യാണം കഴിക്കാതിരിക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല്യ.  ഞാൻ സമ്മതം മൂളാൻ ഒരുങ്ങി അച്ഛന്‌ ഇത്‌ ചൊല്ലി ഒരു സന്ദേശം അയച്ചു.  നന്നായി, എന്ന് പറഞ്ഞ് എന്നെ കല്യാണം കഴിപ്പിക്കാമായിരുന്നു.  എന്നാൽ അതല്ല അച്ഛൻ ചെയ്തത്.  പേടിച്ചിട്ടാവരുത് തീരുമാനം എടുക്കുന്നത് എന്നാണ്‌ പറഞ്ഞത്.  സംശയങ്ങൾ തോന്നുന്നുണ്ടെങ്കിൽ ഒരു മന:ശാസ്ത്രജ്ഞനെ കണ്ടുകൂടെ എന്നും ചോദിച്ചു.  ഞാൻ തികച്ചും ഭാഗ്യവാനാണ്‌, ഇത്രയും നല്ല മാതാപിതാക്കളെ കിട്ടിയല്ലൊ.
കാര്യം കേട്ടപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി.  ആദ്യം ഞാൻ ഒന്ന് ഗൂഗിൾ ചെയ്തു നോക്കി.  കല്യാണം കഴിക്കാനുള്ള പേടി മന:ശാസ്ത്രജ്ഞരാൽ അംഗീകൃതമായൊരു മാനസിക നിലയാണത്രെ!  അതിനൊരു പേരുമുണ്ട്, ഗാമോഫോബിയ.  ലാറ്റിനിൽ പറഞ്ഞാൽ വില കൂടുമല്ലൊ.  അതെനിക്ക് ഉണ്ടോ എന്ന് എനിക്കും സംശയം തോന്നി.  അങ്ങിനെ ഞാൻ ഒരു മന:ശാസ്ത്രജ്ഞനെ കാണാൻ തീരുമാനിച്ചു.


മന:ശാസ്ത്രജ്ഞനോട് ചോദിക്കാം


അടുത്ത രണ്ടു മാസത്തിനുള്ളിൽ അഞ്ച്‌ കൌൺസലിങ്ങ് ഉണ്ടായി.  ആകർഷണം തോന്നാത്തതാണ്‌ ഡോക്ടറെ അത്ഭുതപെടുത്തിയത്.  ആദ്യ മീറ്റിങ്ങിൽ തന്നെ അദ്ദേഹം ചോദിച്ചു - കല്ല്യാണത്തിനെ ആണൊ പ്രണയത്തിനെ ആണൊ ഭയക്കുന്നത്?  ഞാൻ കൂടുതൽ ആലോചിച്ചു.  സ്കൂളിൽ പഠിക്കുന്ന കാലത്ത്‌, കൃത്യമായി പറഞ്ഞാൽ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞുള്ള യാത്രയയപ്പ് ചട്ങ്ങിന്റെ (sent off) അന്ന്‌ എന്നെ ഒരു പെൺകുട്ടി പ്രൊപ്പോസ് ചെയ്തിരുന്നു.  എന്നാൽ ഞാൻ ആകെ ഭയന്ന്‌ പോവുകയാണ്‌  ചെയ്തത്.  എനിക്ക് പിന്നെ വീട്ടിൽ എത്തിയതെ ഓർമയുള്ളു.  പിറ്റേ ദിവസം ആ കുട്ടി വിളിച്ച് മാപ്പുപറഞ്ഞു, ഞാൻ നന്ദി എന്ന് പറഞ്ഞ് ഫോൺ വെക്കുകയും ചെയ്തു.  പിന്നീട് പലരും ഇത് പറഞ്ഞ് എന്നെ കളിയാക്കിയിട്ടുണ്ട്.  എനിക്കും ആ കുട്ടിയെ പലപ്പോഴും പാവം തോന്നിയിട്ടുണ്ട്.  പക്ഷെ ഞാൻ ശരിക്കും പേടിച്ചു പോയിരുന്നു.


അടുത്ത തവണ ഇത് ഞാൻ സൈക്കോളജിസ്റ്റിനോട് പറഞ്ഞു.  അത് പക്ഷെ അദ്ദേഹം അത്ര കാര്യമായി എടുത്തില്ല്യ.  എന്തുകൊണ്ടാണ്‌ എനിക്ക് റൊമാന്റിക് ഇന്ററസ്റ്റ്‌ തോന്നാത്തത് എന്ന് കണ്ട് പിടിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്.  ഞാൻ പറഞ്ഞു:
“കസിൻസിനോടല്ലാതെ ഞാൻ വേറെ പെൺ കുട്ടികളോട് അധികം അടുത്ത് ഇടപഴകിയിട്ടില്ല്യ.  സൗന്ദര്യത്തിന് എന്റെ മനസ്സിൽ വലിയ സ്ഥാനം ഇല്ല്യ.  അടുത്തറിയാൻ കഴിഞ്ഞിട്ടുമില്ല്യ.  അതാവാം"
"അതെന്താ അടുത്തിടപഴകാതിരിക്കാൻ?"
"ഞാൻ മടിയനാണ്.  കുറഞ്ഞ പണിക്ക് പരമാവധി ഗുണം, അതാണ് എന്റെ മോഹം.  പെൺകുട്ടികളോട് സംസാരിക്കണമെങ്കിൽ നമ്മൾ മുൻകൈ എടുക്കണം, എന്ത് പറയണം എന്ത് പറയരുത് എന്നെല്ലാം ഒരുപാട് ആലോചിക്കണം.  ചുരുക്കി പറഞ്ഞാൽ വലിയ മെനക്കേടാണ്.  പെൺകുട്ടികളോട് സംസാരിക്കുമ്പോൾ ഒരു പ്രത്യേക സന്തോഷം ഉണ്ടെന്ന് പല ആൺകുട്ടികളും പറഞ്ഞ് കേട്ടിട്ടുണ്ട്.  എനിക്ക് അത് തോന്നിയിട്ടുമില്ല്യ.  അതിനാൽ തന്നെ മുൻകൈ എടുക്കാൻ ഉത്സാഹം തോന്നിയിട്ടില്ല്യ.  എന്നോട് സംസാരിക്കാൻ അവർക്കും"


അങ്ങനെയൊന്നും ഇല്ല്യ എന്ന് ചിലർ പറയും.  ഞാനും അങ്ങിനെ കരുതിയിരുന്നു.  പക്ഷെ എന്നെ ആകെ കുഴപ്പിച്ച ഒരു സംഭവം ഉണ്ടായി.  ഇപ്പോൾ ഞാൻ ആകെ കോൺഫ്യൂസ്ഡ് ആണ്.  ഒരിക്കൽ വർക്ക്പ്ലേസ് സെക്ഷ്വൽ ഹരാസ്മെന്റിനെ (workplace sexual harassment) കുറിച്ചൊരു സെമിനാർ ഉണ്ടായി IISc യിൽ.  അവബോധം സൃഷ്ടിക്കാൻ.  നല്ല കാര്യം.  പലതും പറഞ്ഞ് വന്നപ്പോൾ, ഒരു പയ്യൻ ചോദിച്ചു
"എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പുസ്തകം - പക്ഷെ കുറച്ച് ലൈംഗിഗത ഉണ്ട് - ഞാൻ എന്റെ ഒരു പെണ്സുഹൃത്തിന് കൊടുത്താൽ തെറ്റുണ്ടോ? എനിക്കെതിരെ പരാതി കൊടുക്കാൻ പറ്റുമോ?"
"പറ്റും.  ആ കുട്ടിക്ക് കുഴപ്പം തോന്നിയാൽ പരാതി കൊടുക്കാം"
ഞാൻ ഇത് കേട്ടപ്പോൾ ഞെട്ടി പോയി.
"അപ്പോൾ ജെന്റർ ഡിസ്ക്രിമിനേഷൻ (gender discrimination) ചെയ്യണോ?  ചെയ്തില്ല്യെങ്കിൽ അപകടമാണൊ?  എന്റെ ആൺ സുഹൃത്ത്ക്കൾക്ക് പുസ്തകം കൊടുക്കാൻ ഇങ്ങനെ പേടിക്കണ്ടലോ"
"ആണുങ്ങൾക്കും കേസ് കൊടുക്കാം"
"ശരി, പക്ഷെ സാധ്യത തീരെ കുറവാണ് "
"ഇപ്പോൾ 50 shades of grey ഒക്കെ ഒരു പെൺകുട്ടിക്ക് കൊടുത്താൽ കുടുങ്ങാൻ നല്ല ചാൻസ് ഉണ്ട് "
"അതെന്താ"
ഞാൻ ചോദിക്കുന്നതിന് മുൻപേ തന്നെ, എനിക്ക് 50 shades of grey എന്താണ് എന്ന് അറിയുന്നുണ്ടാവില്ല എന്ന് എന്റെ guide പറഞ്ഞൂ ത്രെ.
"ഒരു ബുക്ക് ആണ്, ഗൂഗിൾ ചെയ്യൂ.  The only way to be completely safe is to be as shallow as possible in your conversations."
I found that sentence extremely offensive അല്ലെങ്കിലേ പെൺകുട്ടികളോട് സംസാരിക്കാൻ വലിയ ഉത്സാഹം ഉണ്ടായിരുന്നില്ല്യ.  ഉള്ളതുംകൂടി പോയി.  


"ഒന്ന് സംസാരിച്ച് നോക്കു" സൈക്കോളജിസ്റ്റ് പറഞ്ഞു
"അതിനുള്ള അവസരം വേണ്ടേ. ഡിപ്പാർട്ട്മെന്റിൽ ആകെ കുറച്ചു പെൺകുട്ടികളെ ഉള്ളു അവരോടൊക്കെ ഞാൻ കുറച്ചൊക്കെ സംസാരിച്ചിട്ടും ഉണ്ട്.  അതല്ലാതെ ആരോട് സംസാരിക്കാനാ?"
"ഓൺലൈൻ ചാറ്റിങ് സൈറ്റുകൾ നോക്കിക്കൂടെ?"
"നോക്കാം"


അവിടെയും പെൺകുട്ടികൾ കുറവായിരുന്നു എന്ന് തോന്നുന്നു.  നാലു ദിവസം ശ്രമിച്ച് പരാജയപ്പെട്ടു.  കുറെ സമയം നഷ്ടമായെന്ന് മാത്രം.  പക്ഷെ, അവസരം കിട്ടിയാൽ പെൺകുട്ടികളോട് സംസാരിക്കും എന്ന ഒരു തീരുമാനം എടുത്തു.


ഈ രണ്ടു മാസ കാലയളവിൽ കൂട്ടുകാരും എന്നെ കുറേ ഉപദേശിച്ചു.  അവരുടെ നിർദ്ദേശങ്ങളും ഞാൻ സ്വീകരിച്ചു.  നല്ല porn കാണാത്തതാണ്‌ പ്രശ്നം എന്നായി ഒരു കൂട്ടുകാരൻ (പേര്‌ പറഞ്ഞ് നാണം കെടുത്തുന്നില്ല്യ).  അങ്ങിനെ അയാൾ തിരഞ്ഞെടുത്ത 10 porn clips ഭക്തിയോടെ കണ്ടു.  എനിക്ക് അവയിൽ വലിയ രസം ഒന്നും തോന്നിയില്ല്യ.  അപ്പോഴാണ്‌ ഞാൻ അസെക്ഷ്വൽ (asexual) ആണൊ എന്ന സംശയം ഒരാൾ ആദ്യമായി പറഞ്ഞത്‌.


ഈ സംശയങ്ങളൊക്കെ ഞാൻ സൈക്കോളജിസ്റ്റിനോട് പറഞ്ഞു.  പക്ഷെ അദ്ദേഹം അത് അത്ര കാര്യമായി എടുത്തില്ല്യ.  എന്താണാവെ.  എനിക്ക് ആ സംശയം സത്യത്തിൽ ഉണ്ടായിരുന്നില്ല്യ എന്നതാണ്‌ കാരണം എന്ന് ചിലപ്പോൾ തോന്നും.  കാമം എനിക്കുണ്ട്, അപ്പോൾ ഞാൻ എങ്ങിനെ അസെക്ഷ്വൽ  ആവും?  അതായിരുന്നു എന്റെ ചിന്ത.


അദ്ദേഹം വേറെ രീതിയിലാണ്‌ ചിന്തിച്ചത്.
“താൻ വേണ്ടത്ര ഓപൺ (open) അല്ലാത്തത് കൊണ്ടാണൊ തനിക്ക് പ്രണയിക്കാൻ കഴിയാത്തത്”
എനിക്ക് ഒരേ സമയം ചിരിയും ദേഷ്യവും വന്നു.  എല്ലാം തുറന്നു പറയുന്ന ഞാൻ ഓപൺ അല്ലാത്രെ.  ഇതിൽ കൂടുതൽ എങ്ങിനെ ഓപൺ ആവാനാണ്‌?  ഞാൻ അത് നന്നായി പ്രകടിപ്പിക്കുകയും ചെയ്തു.  
“അതല്ല താൻ തന്റെ വികാരങ്ങളെ കുറിച്ച് പറയുന്നില്ല്യ, എല്ലാം ചിന്തകളെ കുറിചാണ്‌ പറയുന്നത്‌”
എന്നായിരുന്നു പരാതി.  ഞാൻ എന്ത് ചെയ്യാൻ, എനിക്ക് ഇത്രയൊക്കെ വികാരങ്ങളെ ഉള്ളു.  ഉള്ളതിൽ കൂടുതൽ പ്രകടിപ്പിക്കാൻ കഴിയില്ല്യലൊ?.  
“എന്നാൽ വികാരങ്ങൾ കൂട്ടാൻ ശ്രമിക്കാം”
“വികാരങ്ങൾ ഇല്ല്യാതെ ആവാനാണ്‌ ബുദ്ധനും, രമണമഹർഷിയും ഒക്കെ ശ്രമിച്ചത്.  ഇല്ല്യാത്ത വികാരം കൊണ്ടുവരണം എന്ന് എനിക്ക് ഒട്ടും ഇല്ല്യ.  ഫോബിയ ഇല്ല്യെ എനിക്ക്, ഞാൻ നോർമൽ ആണൊ“
”ഫോബിയ ഒന്നും ഇല്ല്യ.  പിന്നെ സൈക്കോളജിയിൽ നോർമൽ അങ്ങിനെയൊന്നില്ല്യ.  വികാരങ്ങൾ കൂട്ടണം എന്നുണ്ടെങ്കിൽ കൗൺസലിങ്ങ് തുടരാം“
”അത് വേണ്ട.  അപ്പോൾ ശരി.  നന്ദി“
പിന്നെ അദ്ദേഹത്തിനെ കണ്ടിട്ടില്ല്യ.  ആ അധ്യായം അവിടെ കഴിഞ്ഞു.


തൽകാലം ആശ്വാസമായി. പക്ഷെ അത് കൊടുംകാറ്റിന്‌ മുൻപെ ഉള്ള നിശബ്ദതയായിരുന്നു.  എന്റെ ജീവിതം മാറ്റി മറിക്കുന്ന മറ്റനേകം സംഭവങ്ങൾ വരാൻ കിടക്കുന്നെ ഉള്ളു.


ഒറ്റപ്പെടൽ


അനേകം നല്ല ചങ്ങാതിമാരുണ്ടായിരുന്നെങ്കിലും അതിൽ ഒരാളെ എനിക്ക് കുറച്ചധികം കാര്യമായിരുന്നു.  അന്യായം ആണ്‌, അറിയാം. പക്ഷെ, അയാൾ എന്നെ പോലെ തന്നെ ആയിരുന്നു.  മറ്റുള്ളവരെ പോലെ പെൺകുട്ടികളെ കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാറില്ല്യ, അവരിൽ താൽപര്യം കാണിക്കാരില്ല്യ.  എന്നെ പോലെ തന്നെ.


ഇടക്കെപ്പോഴൊ അയാൾക്കൊരു പെൺ സുഹൃത്ത് വന്ന് ചേർന്നു .  അവർ തമ്മിൽ പ്രേമത്തിലാണൊ എന്ന സംശയം പലരും പറഞ്ഞ് തുടങ്ങി. നമ്മുടെ നാട്ടുകാരല്ലെ അവർ എല്ലാം സംശയദൃഷ്ടിയാൽ കാണും അത്രയെ ഉള്ളു എന്ന് ആദ്യമൊക്കെ കരുതി.  പക്ഷെ ആ സംസാരം കൂടി കൂടി വന്നു.  നേരെ വാ നേരെ പോ എന്നതാണ്‌ എന്റെ രീതി.  ഞാൻ നേരിട്ട് ചോദിച്ചു. ഒന്നും ഇല്ലെന്ന് പറഞ്ഞു.  എന്റെ സംശയം തീർന്നു.


പക്ഷെ അവർ കൂടുതൽ കൂടുതൽ അടുത്തു.  വലിയ താമസം ഇല്ല്യാണ്ടെ അവൾ അവന്റെ എറ്റവും അടുത്ത സുഹൃത്തായി.  തെല്ല് അസൂയ തോന്നിയ ദിവസങ്ങൾ.  ഇതിൽ ആ പെൺകുട്ടിയുടെ ജെന്ററിന്‌ (gender) ഒരു പങ്കുണ്ട് എന്ന് അവനും മറ്റുള്ളവരും പറഞ്ഞു.  അത് എനിക്ക് വലിയ ഒരു അത്ഭുതമായിരുന്നു.  എന്നെക്കാൾ അടുപ്പം അവളോട് ഉണ്ട് എന്നതിനെക്കാൾ അതിന്റെ കാരണം ആണ്‌ എന്നെ വിഷമിപ്പിച്ചത്.  പോട്ടെ, എന്ന് കരുതി.  കാലം മുന്നോട്ട് പോയി. ഇതിനിടയിൽ ഞാൻ അവരോട് പല പ്രാവശ്യം പറഞ്ഞു “നിങ്ങൾ വളരെ നല്ല കൂട്ടുകാരാണ്‌.  എന്തായാലും കല്യാണ പ്രായമായി വരുന്നു.  നിങ്ങൾക്ക് എന്തുകൊണ്ട് കല്യാണം കഴിച്ചുകൂട?”.  അവർ അതിനെ ചിരിച്ചു തള്ളി.


അവർ തമ്മിൽ ശരിക്കും പ്രേമത്തിൽ ആയിരുന്നു ത്രെ.  അത് മാസങ്ങൾ കഴിഞ്ഞാണ്‌ അറിയുന്നത്.  അതും അവൾ പറഞ്ഞ്.  അവൻ അവളെ പ്രൊപ്പോസ് ചെയ്തു.  അവർ തമ്മിൽ അടിയായി.  എന്നെ വളരെ അധികം വിഷമിപ്പിച്ച ഒരു സംഭവം.  എന്നോട് ഒന്നും പറഞ്ഞില്ല്യ എന്ന വിഷമം.


പക്ഷെ അതിലും വലിയ വേറെ ഒരു വിഷമം ഉണ്ടായിരുന്നു.  എന്നെ പോലെ അല്ല അവൻ എന്ന വിഷമം.  എന്നെ പോലെ ആരും ഇല്ല്യ എന്ന വിഷമം.  ശരിക്കും തനിച്ചായ പോലെ തോന്നി.  അവൻ എന്ത്‌ പിഴച്ചു.  അവൻ എന്നെ പോലെ ആണ്‌ എന്നത് എന്റെ ഭ്രമം മാത്രമായിരുന്നു.  ഞാൻ ഈയിടെ എഴുതിയ ഒരു കുട്ടി കഥ ആ ദു:ഖത്തിന്റെ കഥയാണ്‌.  അത് ഇപ്പോൾ കൂടുതൽ ആസ്വാദ്യ്മായി തോന്നിയേക്കാം.
schizophrenia.jpg-large
ഒരിക്കൽ ബാലൻസ് (balance) പോയിതുടങ്ങിയാൽ അത് വീണ്ടെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്‌.  അപ്പൊൾ അവിടെയും ഇവിടെയും തട്ടുകയും കൂടി ചെയ്താലൊ?  എന്റെ ജീവിതത്തിൽ അതായിരുന്നു സംഭവിച്ചത്.


വലിയ താമസം ഇല്ല്യാണ്ടെ ഞാൻ IISc വിട്ടു.  ചെന്നയിലേക്കെത്തി.  ഇപ്പോഴുള്ള IMScയിൽ.  അവിടെ ഹോസ്റ്റല്ലില്ല്യ. പുറത്ത് വീടിടുത്തിട്ടാണ്‌ താമസം.  ഒറ്റക്കൊരു വീട്ടിൽ.  ആദ്യമായിട്ടാണ്‌ ഒറ്റക്കുള്ള താമസം. ദിവസത്തിൽ കൂടിപോയാൽ ഒന്നൊ രണ്ടൊ മണിക്കൂർ മാത്രമാണ്‌ ആൾക്കാരുടെ കൂടെ ചിലവഴിക്കുന്നത്. ബാക്കി സമയം തികച്ചും ഒറ്റക്ക്.  ആ മാറ്റം കഠിനമായിരുന്നു.


PhD കാലത്തെ ചങ്ങാതിമാർ പലരും കല്യാണം കഴിച്ചതും ആയിടക്കാണ്‌.  പെട്ടെന്ന് അവരുടെ ഒക്കെ ജീവിതത്തിൽ എന്റെ സ്ഥാനം പോയ പോലെ.  കുറച്ച് സത്യമുണ്ടതിൽ എന്ന് എല്ലാവരും അംഗീകരിക്കും.  പക്ഷെ, കുറച്ചൊക്കെ എന്റെ തോന്നലും ആയിരുന്നു.  


സത്യം പറഞ്ഞാൽ ഞാൻ വളരെ ഭാഗ്യവാനാണ്‌.  കല്യാണം കഴിഞ്ഞ എന്റെ കൂട്ടുകാർ ഞാൻ ഒറ്റപെടാതിരിക്കാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്.  അതിൽ ഒരാൾ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.  ആരുടെയും പേരിടുത്ത് പറയുന്നില്ല്യ.  മനസ്സിലാവുന്നവർക്ക് പേരിടുത്ത് പറഞ്ഞില്ല്യെങ്കിലും മനസ്സിലാവും.  അല്ലാത്തവർക്ക് പേര്‌ കേട്ടിട്ട് ഗുണവും ഇല്ല്യ.  എന്നാലും അവർക്ക് അവരുടെ പരിമിതികൾ ഉണ്ട്.  സത്യത്തിൽ ചിന്തകളുടെ കാട് കയറിയതിനാലാണ്‌ ഞാൻ തനിച്ചായത്.  


അങ്ങിനെ ഒരു സുഹൃത്തിന്റെ കല്യാണത്തിന്‌ പോയപ്പോൾ ഉണ്ടായ സംവാദമാണ്‌ ഒരു നിർണായക തീരുമാനത്തിന്‌ കാരണമായത്.  എന്തുകോണ്ട് ഡേറ്റിങ്ങ് സൈറ്റുകളിൽ ഒരു കൈ നോക്കികൂട, എന്നാണ്‌ ചോദ്യം.  എനിക്കാണെങ്കിൽ ഡേറ്റിങ്ങിനോട് പരമ പുച്ഛം.  വളരെ shallow ആണ്‌ എന്ന അഭിപ്രായം.  എന്നാലും അവരെല്ലാം കുറേ നിർബന്ധിച്ചു.  അത് മനസ്സിൽ എവിടെയൊ തങ്ങി കിടന്നു.


അത് കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ആദ്യേ കല്യാണക്കാര്യം.  കുറേ കാലമായി എന്തുകൊണ്ട് കല്യാണം കഴിക്കണം അല്ലെങ്കിൽ കഴിക്കണ്ട എന്ന ചിന്ത ഉള്ള എന്റെ മനസ്സ്, ഇപ്പോൾ കല്യാണം കഴിക്കാതിരിക്കാൻ ഉള്ള പ്രധാന കാരണം കണ്ടുപിടിച്ചിരുന്നു; ആകർഷണം ഇല്ലായ്മ.  കല്യാണം കഴിഞ്ഞാലും ആകർഷണം തോന്നിയില്ല്യെങ്കിലൊ, എന്ന പേടി.  ശാരീരിക ബന്ധം പുലർത്താൻ കഴിഞ്ഞില്ല്യെങ്കിലൊ, എന്ന പേടി.  


ഞാൻ അമ്മയോട് പറഞ്ഞു, നിങ്ങൾക്ക് ഞാൻ കല്യാണം കഴിക്കണം എന്ന് മോഹമുണ്ടെങ്കിൽ ഒരേ ഒരു വഴിയേ ഉള്ളു.  ഞാൻ ഡേറ്റിങ്ങ് ചെയ്യണം.  അത്ര സമ്മതം ഒന്നും ആയിരുന്നില്ല്യ.  പക്ഷെ എനിക്കെന്തൊ ചെയ്യണം എന്നായി.  സമ്മതമല്ലെങ്കിലും അച്ഛനും അമ്മയും എതിർത്തില്ല്യ.  എന്തായാലും, തീരുമാനമായി.  വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ജയറാം, തിലകൻ എന്നോ പറഞ്ഞ ഒരു ഡയലോഗ് ദുരുപയോഗപെടുതിയ പോലെ ആയൊ ഇത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  


ഡാർളിങ്ങ് ഡാർളിങ്ങ്


അങ്ങിനെ ടിന്ററിലും (Tinder) ഐലിലും (Aisle) ചേർന്നു.  വലിയ ഞെരുക്കമാണ്‌ ടിന്ററിൽ ഒരു മാച്ച് (match) കിട്ടാൻ.  ഐലിൽ നമുക്കൊരാളുടെ പ്രൊഫൈൽ ഇഷ്ട്മായാൽ റിക്വസ്റ്റ് (request) അയക്കാം. അങ്ങിനെയാണ്‌.  അവർ ആക്സപ്റ്റ് (accept) ചെയ്താൽ അവരുടെ ഫോൺ നമ്പറും ഈ-മയിൽ (e-mail) വിലാസവും ലഭിക്കും.  പിന്നെ സംസാരിച്ചു തുടങ്ങാം.  പക്ഷെ അതും അത്ര എളൂപ്പമല്ല.  സത്യത്തിൽ എല്ലാ ആണുങ്ങളും ഇതൊന്ന് നോക്കണ്ടതാണ്‌.  അഹങ്കാരം പോയി കിട്ടും.


ഞാൻ റിക്വസ്റ്റ് അയച്ച പത്താമത്തെ പെൺകുട്ടി അത് ആക്സപ്റ്റ് ചെയ്തു.  സംസാരിക്കാൻ തുടങ്ങി.  നല്ല രീതിയിൽ പൊവുകയായിരുന്നു.  ഒരേ ഒരു കുഴപ്പം മാത്രം.  ഒടുക്കത്തെ തിരക്കാണ്‌ ആ കുട്ടിക്ക്.  അപ്പോളെക്കും ടിന്ററിലും എനിക്ക് മാച്ചുകൾ കിട്ടി തുടങ്ങിയിരുന്നു.  രസകരമായ പല സംഭവങ്ങളും നടന്നു.  പക്ഷെ അതിനൊന്നും ഇവിടെ വലിയ പ്രസക്തിയില്ല്യ.


എന്തായാലും, എന്നോട് സംസാരിക്കാൻ ഇഷ്ടമുള്ള കുറേ പെൺകുട്ടികളുണ്ട് എന്ന് എനിക്ക് മനസ്സിലായി.  അതെനിക്ക് ആത്മവിശ്വാസമേകി.  അങ്ങിനെ സംസാരിച്ച് സംസാരിച്ച് ഒടുവിൽ ഐലിലൂടെ പരിചയ പെട്ട കുട്ടിയുമായി ഒരു ഡേറ്റ് തരപ്പെട്ടു.  എന്റെ ആദ്യത്തെ ഡേറ്റ്.  അത്യാവശ്യം പരിഭ്രമം ഉണ്ടായിരുന്നു.  ഇന്റർവ്യൂവിനു പോകുമ്പോൾ പോലും പരിഭ്രമം തോന്നിയിട്ടില്ല്യ.  എന്തായാലും പോയി.


ഏകദേശം ഒന്നര മണിക്കൂറൊളം നീണ്ട ഡേറ്റായിരുന്നു അത്.  സ്റ്റാർബക്സിൽ വെച്ചായിരുന്നു ഡേറ്റ്.  എനിക്ക് കാപ്പി ഇഷ്ടമല്ലെങ്കിലും ഇരുന്നു സംസാരിക്കാൻ ഒരു ഇടം.  സെൽഫ് സർവീസാണ്‌.  രണ്ടാളും കുടിക്കാൻ മാത്രം വാങ്ങി, കഴിക്കാൻ ഒന്നും ഏടൂത്തില്ല്യ.  ഞാൻ കൊടുക്കാൻ ഭാവിച്ചെങ്കിലും, പൈസ കൊടുത്തത് ആ കുട്ടിയായിരുന്നു.  ഒരു സ്റ്റീരിയോടൈപ്പ് (stereotype) അപ്പോൾ തന്നെ പൊളിഞ്ഞു.  


സംസാരിക്കാൻ തുടങ്ങിയപ്പോൾ എന്റെ പരിഭ്രമം ഒക്കെ പോയി. നന്നായി സംസാരിച്ചു.  ഞാനാണ്‌ കൂടുതൽ സംസാരിച്ചത് എന്ന് തന്നെ പറയാം.  പെൺകുട്ടികൾ വായാടികൾ ആണ്‌ എന്നും ഒരു സ്റ്റീരിയോടൈപ്പുണ്ട്, പക്ഷെ ഞാൻ പരിചയ പെട്ട എല്ലാ പെൺകുട്ടികളേക്കാളൂം അധികം ഞാൻ സംസാരിക്കും.  അത് അവസരം കൊടുക്കാത്തത് കൊണ്ടോന്നും അല്ല.  


അങ്ങിനെ ഡേറ്റ് കഴിഞ്ഞ് വീട്ടിൽ എത്തി.  കൂട്ടുകാരുടെ ഉപദേശാനുസരം ഒരു മെസേജ് അയക്കാൻ തീരുമാനിച്ചു.  “നല്ല അനുഭവമായിരുന്നു, കൂടുതൽ കൂടികാശ്ചകൾക്കായി ഉറ്റു നോക്കുന്നു” എന്ന് എഴുതി.  സത്യം തന്നെ.  “ഞാനും എഞ്ചോയ് ചെയ്തു.  പക്ഷെ നമ്മൾ വളരെ വ്യത്യസ്ത ചിന്താഗതിക്കാരാണ്‌.  അതുകൊണ്ട്, ഇത് ശരിയാവില്ല്യ.  ഇത് ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു മറുപടി.  “ശരി.  എല്ലാ നന്മകളൂം നേരുന്നു” എന്ന് പറഞ്ഞ് ഞാനും നിർത്തി.  


നല്ല വിഷമം തോന്നി.  ചെറുതായി ഒന്നു കരഞ്ഞു.  ആത്മാനുകമ്പ.  ചീപ്പാണെന്നറിയാം, എന്നാലും ഇടക്ക് പറ്റി പോകും.  പിന്നെ, ആദ്യത്തെ അനുഭവമല്ലെ.  അന്ന് തന്നെ വേറെ മൂന്ന് കുട്ടികൾക്ക് ഐലിൽ റിക്വസ്റ്റ് അയച്ചു.


ഇങ്ങിനെ പല കുട്ടികളോട് സംസാരിച്ചു.  മൂന്നാല്‌ ഡേറ്റിന്‌ പോയി.  റിജെക്ഷൻ കിട്ടി തഴമ്പിച്ചു.  ഡേറ്റിങ്ങിൽ മറ്റുള്ളവരെ ഉപദേശിക്കാൻ വരെ തുടങ്ങി.  എന്റെ ചില ടിപ്സ് ചിലർക്കൊക്കെ വളരെ ഇഷ്ടമായി.  പക്ഷെ എനിക്ക് ആരോടും ഒന്നും തോന്നിയില്ല്യ.  അവർക്കും തോന്നിയില്ല്യ തൊന്നുണു.  ആദ്യ ഡേറ്റ് കഴിയുമ്പോൾ നേരത്തെ ഉദ്ധരിച്ചതു പോലെയുള്ള ഒരു മെസേജ് വരും.  


ഇതെല്ലാം ഞാൻ എന്റെ കൂട്ടുകാരോട് ചർച്ച് ചെയ്യുമായിരുന്നു.  അങ്ങിനെ ഒരു ദിവസം വീണ്ടും ഞാൻ അസെക്ഷ്വൽ ആണൊ എന്ന സംശയം ഒരാൾ ഉണർത്തി.  ഇക്കുറി ഞാനും അത് കാര്യമായി ഇടുത്തു.  ഇന്റർനെറ്റിൽ നോക്കി.  ഓൺലൈൻ ആയി പരിശോധനകൾ ഉണ്ടെന്ന് കണ്ടു.  നാലഞ്ച്  സൈറ്റിൽ നോക്കി.  എല്ലാ പരിശോധനയിലും ഞാൻ അസെക്ഷ്വൽ ആണെന്ന് തന്നെ കണ്ടു.


അസെക്ഷ്വാലിറ്റി


പലർക്കും വലിയ പിടി ഇല്ല്യാത്ത ഒരു വിഷയം ആണ്‌. എനിക്കും അങ്ങിനെ ആയിരുന്നു.  ഞാൻ അസെക്ഷ്വൽ ആണെന്നറിഞ്ഞപ്പോൾ, അതിനെ കുറിച്ച് പഠിച്ചു.  ഒറ്റ വാചകത്തിൽ പറഞ്ഞാൽ കാമം ഇല്ലായ്മയാണ്‌ അസെക്ഷ്വാലിറ്റി.  


എന്നാൽ അതിലും എത്രയോ സങ്കീർണമാണ്‌ അസെക്ഷ്വാലിറ്റി.  രണ്ടു വ്യക്തികളുടെ കാമം എത്ര വ്യത്യസ്തമാവാൻ പറ്റുമൊ, അത്രയും വ്യത്യസ്തമാകാം കാമം ഇല്ലായ്മയും.  ചിലർക്ക് മോഹം ഇല്ല്യെന്നെ ഉണ്ടാവുള്ളു. ചിലർക്ക് അറപ്പ് തന്നെ ഉണ്ടാവാം.  ഈ അറപ്പിന്റെ അളവ് ഒരൊരുത്തർക്കും ഓരോ പോലെയാകും.  ചിലർക്ക് കാമം ഇല്ല്യെങ്കിലും, പ്രണയം തോന്നാം.  കെട്ടിപിടിക്കാനും ഉമ്മവെക്കാനും മോഹം ഉണ്ടാവാം.  ചിലർക്ക് കെട്ടിപിടിക്കുന്നതിനെയും ഉമ്മവെക്കുന്നതിനെയും ഒന്നും കുറിച്ച് ആലോചിക്കാനേ വയ്യ, എന്നാൽ കയ്യ് പിടിക്കാൻ ഇഷ്ടമാവും.  ചിലർക്ക് തൊടുന്നത് തന്നെ ഇഷ്ടമാവില്ല്യ.  ഇതിനെ ആണ്‌ ടച്ചവേർഷൻ (touch aversion) എന്നു പറയുക.  ഇതിന്റെ അളവിലും വ്യത്യാസമുണ്ടാവാം.  ചിലർക്ക് തൊട്ടാൽ പൊള്ളുന്ന പോലെയൊക്കെ തോന്നിയേക്കാം.  ചിലർക്ക് ഒരു ചെറിയ അസ്വസ്ത്ഥത മാത്രം.


കാമം തോന്നുന്നവരും ഉണ്ട് ഇക്കൂട്ടത്തിൽ, പക്ഷെ അത് നല്ല അടുപ്പം തോന്നുന്നവരോട് മാത്രമെ തോന്നു.  അങ്ങിനെ ഉള്ളവരെ ഡെമിസെക്ഷ്വൽ എന്ന് വിളിക്കും.  ഡെമിസെക്ഷ്വൽസ് അസെക്ഷ്വൽസ്  ആണെന്നും അല്ലെന്നും പക്ഷമുണ്ട്.  വിക്കിപീടിയയിൽ ഇവരെ gray അസെക്ഷ്വൽസ് എന്നാണ്‌ വിളിക്കുന്നത്.


പിന്നെ എന്നെ പോലെ ഉള്ളവരും ഉണ്ട്.  കാമം ഉണ്ട്, എന്നാൽ ആരോടും കാമം തോന്നിയിട്ടില്ല്യ.  അതെങ്ങിനെയാണ്‌ പറഞ്ഞു തരുക എന്ന് അറിയില്ല്യ.  ഒരു ഉപമ പറയാം - വിശപ്പുണ്ട് രുചിയില്ല്യ - എന്ന് പറയുന്ന പോലെ.  


ഇതെല്ലാം വായിച്ചപ്പോൾ എനിക്ക് എന്നെ തന്നെ കൂടുതൽ മനസ്സിലായ പോലെ തോന്നി.  എന്റെ പല പ്രവൃത്തിയുടെയും കാരണം എനിക്ക് മനസ്സിലായി.  


കുട്ടിക്കാലത്ത് തന്നെ എന്റെ അച്ഛൻ എന്നെ കെട്ടിപിടിച്ചാൽ ഞാൻ ഉന്തി നീക്കുമായിരുന്നത്രെ.  ആരും എന്നെ തൊടുന്നതൊ, കെട്ടിപിടിക്കുന്നതൊ ഒന്നും എനിക്കത്ര ഇഷ്ടമായിരുന്നില്ല്യ ത്രെ.  എനിക്ക് ഒർമ വെക്കുന്നതിന്‌ മുൻപെ തന്നെ. കേട്ടറിവാണ്‌.  


എനിക്ക് ടച്ചവേർഷൻ ഉണ്ട്‌.  എന്നാൽ അത്രയധികം ഇല്ല്യേനീം.  ചെറിയ ഒരു അസ്വസ്ഥത.  അതും ശീലായി.  പുനയിലെ കൂട്ടുകാരെ ഒക്കെ ഞാൻ കെട്ടിപിടിച്ചിരുന്നു.  അതാണ്‌ അവിടുത്തെ രീതി.  അതിൽ എനിക്കൊരു സുഖം ഒന്നും ഇല്ല്യെന്ന് മാത്രം.  


പക്ഷെ ദു:ഖിച്ചിരിക്കുമ്പോൾ ഒക്കെ പലരും വന്ന് പുറത്ത് തടവുകയൊ, കെട്ടിപിടിക്കുകയൊ ഒക്കെ ചെയ്യില്ല്യെ.  അത് എനിക്ക് ഒട്ടും വയ്യ, ഭയങ്കര ദേഷ്യം വരും.  എവിടെയൊ വായിച്ചു,  സാധരണ ഒരാൾ ചെറിയ അടി അടിച്ചാൽ ദേഷ്യം വരില്ല്യ, പക്ഷെ നമ്മൾ വികാരഭരിതരായി ഇരിക്കുകയാണെങ്കിൽ വരും, അതുപോലെയാണ്‌ ഇതും എന്ന്.


അതുപോലെ, ചില സ്പർശനങ്ങൾ എനിക്ക് കുഴപ്പമില്ല്യ, ഇഷ്ടമാണെന്ന് തന്നെ പറയാം.  കൈ പിടിക്കുന്നത് അങ്ങിനെയാണ്‌.  എന്റെ മുത്തശ്ശ്യമ്മയോട് സംസാരിക്കുമ്പോളൊക്കെ കൈ പിടിച്ചിരിക്കും.  അതിൽ ഒരു സന്തോഷവും തോന്നിയിരുന്നു.  


ഇത് പോലെ പല തലങ്ങളും ഉണ്ടാകും.  എനിക്ക് തന്നെ എന്നേ കുറിച്ച് മനസ്സിലാക്കാൻ ഒരു പാട് ബാക്കി ഉണ്ടെന്ന് തോന്നി.  നോക്കണം, സമയം ഉണ്ടലൊ.


അകിരാമെ നൈ


എനിക്കേറ്റവും ഇഷ്ടമുള്ള അനിമെ (ജപ്പാനിലെ കാർട്ടൂൺ) ആണ്‌ നാരുതൊ.  അതിൽ നാരുതൊ എപ്പോളും പറയണ വാചകമാണ്‌ അകിരാമെ നൈ.  തോൽവി സമ്മതിക്കരുത്, സമ്മതിക്കില്ല്യ എന്ന അർത്ഥങ്ങൾ.  അത് കുറേ കണ്ടതിന്റെ ഗുണം ആവും ഞാൻ ഡേറ്റിങ്ങൊന്നും നിർത്തിയില്ല്യ.  


പലരോടും സംസാരിച്ചു.  ഒരു ചെറിയ വ്യത്യാസം മാത്രം.  ഒരു കുട്ടി ഈ ബന്ധം സീരിയസ്സായി ഇടുക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിയാൽ, ഞാൻ എന്റെ അസെക്ഷ്വാലിറ്റിയെ കുറിച്ച് തുറന്ന് പറയും.  പക്ഷെ, സത്യത്തിന്‌ ഒറ്റക്കിരിക്കാൻ പേടിയാണത്രെ, അതുകൊണ്ട് ഞാൻ എന്റെ പ്രതീക്ഷയെ കൂട്ടിനായി വിട്ടിരുന്നു, എന്ന് മാത്രം. അവരോട് ഞാൻ ഇങ്ങനെയാണ്‌ പറഞ്ഞിരുന്നത്.


എനിക്ക് എന്റെ ജീവിത്തതിൽ ഒരു പെൺകുട്ടിയോടും ആകർഷണം തോന്നിയിട്ടില്ല്യ.  ഞാൻ അസെക്ഷ്വൽ ആണെന്ന് തോന്നുന്നു.  പക്ഷെ ഞാൻ ഡെമിസെക്ഷ്വൽ ആകാം എന്ന പ്രതീക്ഷ ഉണ്ട്.  ആവണം എന്നാണെന്റെ മോഹം.  അല്ലെങ്കിൽ ഞാൻ ഒറ്റപെട്ട് പോകില്ല്യെ.  അതറിയണമെങ്കിൽ ഒരേ ഒരു വഴിയേ ഉള്ളു, ധാരാളം പെൺകുട്ടികളോട് സംസാരിക്കണം അടുത്ത് ഇടപഴകണം.  അതിന്‌ ഇതല്ലാതെ ഒരു വഴി കണ്ടില്ല്യ.  ഇത് അറിയുമ്പോൾ, എന്നോട് സംസാരിക്കാൻ ഉള്ള താൽപര്യം പോകുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയും.  അത് പറയാൻ ഉള്ള് സന്മനസ്സ് കാണിക്കണേ, എന്നേ എനിക്ക് പറയാൻ ഉള്ളു.  അതല്ല, സംസാരിക്കാം എന്ന് തോന്നുകയാണെങ്കിൽ വലിയ സന്തോഷം.  കുറഞ്ഞ പക്ഷം നല്ല സുഹൃത്തുകളാവാം.  രണ്ടുപേർക്കും പരസ്പരം പ്രണയം തോന്നിയാൽ കല്യാണവും കഴിക്കാം.


തുടരാൻ താൽപര്യം ഇല്ല്യ എന്നായിരുന്നു ആദ്യ ഉത്തരം.  അത് ഞാൻ പ്രതീക്ഷിച്ചതും ആയിരുന്നു.  നിരാശയൊന്നും തോന്നിയില്ല്യ.  അകിരാമെ നൈ.


വീണ്ടും പല പെൺകുട്ടികളോടും സംസാരിച്ച് നോക്കി.  അടുത്ത തവണ മറുപടി വളരെ നല്ലതായിരുന്നു.  വളരെ നാണത്തോടുകൂടിയാണ്‌ ഇത്തവണ ഞാൻ അത് പറഞ്ഞത്.  അത് ഞാൻ പറയുകയും ചെയ്തു.  എന്നാൽ, ഇതിൽ നാണിക്കാൻ എന്തിരിക്കുന്നു, തന്റെ അനുഭവം ആണ്‌, എന്നായിരുന്നു മറുപടി.  തുടർന്ന് സംസാരിക്കാനും സൌഹൃദം വളർത്താനും തയ്യാറായിരുന്നു.  അന്നും ഞാൻ കരഞ്ഞു.  എന്തിനാണെന്ന് എനിക്ക് തന്നെ ശരിക്ക് മനസ്സിലായില്ല്യ.    


എന്നാലും ആ ബന്ധവും അധികം ഒന്നും മുന്നോട്ട് പോയില്ല്യ എന്നതാണ്‌ സത്യം.  രണ്ട് സിറ്റികളിൽ ആയതിനാൽ ആകാം, തിരക്കുകൾ കൊണ്ടാകാം.  അറിയില്ല്യ.  എന്നാലും ഇപ്പോളും ഇടക്കൊക്കെ സംസാരിക്കും.  പക്ഷെ, ആ കുട്ടിയോട് മനസ്സിൽ ഒരു കടപ്പാട് എന്നും ഉണ്ടാവും.


വീണ്ടും മറ്റൊരു പെൺകുട്ടിയോട് പറഞ്ഞു നോക്കി.  അന്നും മറുപടി അനുകൂലമായിരുന്നു.  പെൺകുട്ടികൾ ഞാൻ വിചാരിച്ചതിലും അധികം ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നു.


അങ്ങിനെ പിന്നെയും ഒരുപാട് പേരോട് സംസാരിച്ചു.  മൊത്തം 8 ഡേറ്റിന്‌ പോയി.  ചില ഡേറ്റുകൾ ആറും ഏഴും മണിക്കൂറുകൾ നീണ്ടു നിന്നു.  എങ്കിലും തിരിച്ചു വന്നു കഴിയുമ്പോൾ ആദ്യം കിട്ടിയ പോലെ ഒരു മെസേജ് വരും.  അതവിടെ തീരും.  ഒരു കുട്ടിയുടെ കൂടെ മാത്രമെ ഒന്നിൽ കൂടുതൽ ഡേറ്റിന്‌ പോയിട്ടുള്ളു.  പെട്ടെന്നൊന്നും എനിക്ക് ആകർഷണം തോന്നുകയും ഇല്ല്യ.
 
കുറഞ്ഞ അധ്വാനത്തിൽ പരമാവധി ഗുണം എന്ന തത്വം നോക്കിയാൽ എന്നോട് സംസാരിക്കുന്നത് വെറുതെയാണ്‌.  എന്റെ ശാസ്ത്രം എനിക്ക് തന്നെ പാരയായി.          


എന്നാലും അഥവാ ബിരിയാണി കിട്ടിയാലൊ?


ഞാൻ അസെക്ഷ്വൽ ആണെന്ന് വിശ്വസിക്കാൻ എന്റെ ബന്ധുമിത്രാദികൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു.  ഒന്നാമത് ഇങ്ങനെ ഒരു സാധനം കേട്ടിട്ട് തന്നെ ഉണ്ടായിരുന്നില്ല്യ പലരും.  പിന്നെ എന്നോടുള്ള സ്നേഹവും.  എന്റെ തോന്നൽ മാത്രം ആവും ഇത് എന്ന ശുഭാപ്തിവിശ്വാസം. അതവർ പ്രകടിപിക്കുകയും ചെയ്തു.  


ഇത്രയും അധികം പേര്‌ ഒരു കാര്യം പറയുമ്പോൾ അതിൽ എന്തെങ്കിലും കഴമ്പുണ്ടൊ എന്ന് ചിന്തിക്കണമല്ലൊ.  ചിന്തിച്ചു.  അപ്പോൾ എന്താണ്‌ ഇതിനൊരു പൊംവഴി എന്നായി ചിന്ത.  ഒരു വിദഗ്ദ്ധ അഭിപ്രായം തേടാൻ തന്നെ തീരുമാനിച്ചു.  


അങ്ങിനെ ഞാൻ വേറെ ഒരു മനശാസ്ത്രജ്ഞനെ കണ്ടു.  എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.  എനിക്കു അസെക്ഷ്വാലിറ്റിയുടെ ലക്ഷണങ്ങൾ ഉണ്ട് എന്നു തന്നെയാണ്‌ അവർക്കും തോന്നിയത്.  ഇതറിഞ്ഞും അവർ ചോദിച്ചു ഒന്ന് കല്യാണം കഴിച്ച് നോക്കിക്കൂടെ.  


ഞാൻ പല തവണ കേട്ട ഒരു നിർദ്ദേശമാണ്‌.  അതെനിക്ക് എങ്ങനെ ചെയ്യാൻ കഴിയും.  കൊടും വഞ്ചനയല്ലെ.  കല്യാണം കഴിഞ്ഞതിന്‌ ശേഷം എനിക്ക് ശാരീരിക ബന്ധം പുലർത്താൻ കഴിഞ്ഞില്ല്യെങ്കിലൊ.  ആ കുട്ടിയുടെ സ്ഥിതി എന്താവും.  എന്റെ സ്ഥിതിയും തഥൈവ.  ആ കല്യാണം വിവാഹമോചനത്തിൽ കലാശിക്കാനും എല്ലാവരും അതിന്റെ കാരണങ്ങൾ അറിയാനും ആണ്‌ സാധ്യത.  ഞാൻ ശണ്ഠൻ മാത്രമല്ല ചതിയനും ആകും.  മയ്യഴിപുഴയുടെ തീരങ്ങളിൽ എന്ന പുസ്തകത്തിലെ സായിപ്പിനെ ആണ്‌ എനിക്ക് ഓർമ്മ വന്നത്.  


അതിനാൽ വഞ്ചിക്കാൻ ഞാൻ തയ്യാറല്ല.  എല്ലാം അറിഞ്ഞ് എന്നെ സ്വീകരിക്കാൻ തയ്യാറാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒരു കൈ നോക്കാം.  എന്റെയും ആ കുട്ടിയുടെയും ജീവിതം മെച്ചപ്പെടും എന്ന് എനിക്കും ആ കുട്ടിക്കും തോന്നിയാൽ കല്യാണം കഴിക്കാം.  ഇതാണ്‌ എന്റെ നിലപാട് എന്ന് ഞാൻ അവരോട് പറഞ്ഞു.


കല്യാണം കഴിഞ്ഞും മനസ്സ് മാറാം എന്ന് താക്കീത് ചെയ്യുകയാണ്‌ അവർ ചെയ്തത്.  ശരിയാണ്‌ ഞാൻ അത് മനസ്സിലാക്കുന്നു.  അതിൽ പക്ഷെ എനിക്ക് കുറ്റബോധം ഇല്ല്യ.  ബന്ധം മടൂത്താൽ എന്നെ വിട്ടു പോവുകയും ചെയ്യാം. ഞാൻ ഒരിക്കലും തടസ്സം നിക്കില്ല്യ.


അങ്ങിനെ തീർച്ചയാവാവുന്ന അത്ര തീർച്ചയായി.  എന്നാലും ശുഭാപ്തിവിശ്വാസം കൈവിടാതെ ഒരുപാട് പേർ.  സലീം കുമാർ പരഞ്ഞത് പോലെ “എന്നാലും അഥവാ ബിരിയാണി കിട്ടിയാലൊ?”.    


  


പരസ്യമായി പ്രഖ്യാപിക്കുന്നതിന്റെ ആവശ്യകത


എന്തിനാണ്‌ ഇതെല്ലാം ഉറക്കെ വിളിച്ച് പറയുന്നത് എന്ന്  പലർക്കും തോന്നിയേക്കാം.  കാരണമുണ്ട്.  വിസ്തരിക്കാം
  1. മടുത്തു.  എന്താ കല്ല്യാണം കഴിക്കാത്തത് എന്ന ചോദ്യം കേട്ട് മടുത്തു.  ഉപദേശങ്ങൾ കേട്ട് മടുത്തു.  എന്നാൽ ആ ചോദ്യത്തിലും ഉപദേശത്തിലും സ്നേഹം കാണൂമ്പോൾ, മിണ്ടാതിരിക്കാൻ പറയാൻ വയ്യ.  അവർ സത്യം അർഹിക്കുന്നു എന്ന് എനിക്ക് തോന്നി.  ഞാൻ അവരോടെല്ലാമായി പറയുന്നു, ഇതാണ്‌ കാരണം.
  2. ഒളിച്ച് വെക്കുന്നത്രയും കാലം ഇത് ഒളിക്കാനുള്ളതാണ്‌, നാണിക്കാൻ ഉള്ളതാണ്‌ എന്ന് എനിക്ക് തോന്നും.  എന്റെ ആത്മവിശ്വാസത്തിനെ തന്നെ അത് ബാധിക്കുന്നു.
  3. എന്നെ പോലെ ആരും ഇല്ല്യ എന്ന ഒറ്റപ്പെടൽ ഞാൻ അനുഭവിച്ചതായി പറഞ്ഞുവല്ലൊ.  ഒരു ശതമാനം അസെക്ഷ്വൽസ് ഉണ്ട് ലോകത്തിൽ എന്നാണ്‌ സ്റ്റാറ്റിസ്റ്റിക്സ്.  എന്റെ പരിചയത്തിൽ തന്നെ അപ്പോൾ 4-5 അസെക്ഷ്വൽസ് ഉണ്ടാവണം.  അവരും ഇതേ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടാവണം.  അവരോട്, “നിങ്ങൾ ഒറ്റക്കല്ല, ഞാൻ ഇവിടെ ഉണ്ട്”  എന്ന് പറയണം.  എത്ര പേർ ഈ പൊസ്റ്റ് വായിക്കും എന്നറിയില്ല്യ.  നിങ്ങൾ സഹായിച്ചാൽ ഒരു 400-500 പെരുടെ അടുത്തെങ്കിലും ഇത് എത്തും.  അതിൽ 4-5 അസെക്ഷ്വൽസ് ഉണ്ടാവും.  അതിൽ ഒരാൾക്ക് പ്രയോജന പെട്ടാൽ തന്നെ വലിയ കാര്യം.    

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

മമത