ജോലിയും കൂലിയും

കൂലിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു ഞാൻ. അച്ഛൻ സമ്മതിച്ചാൽ, ഒരു ജോലിയും ചെയ്യാതെ കുടുംബസ്വത്തുകൊണ്ട് കഴിയും എന്ന് ഒരുളുപ്പുമില്ലാതെ ഞാൻ പറഞ്ഞിരുന്നു. "അഞ്ച് കോടി രൂപ (ഒരു വലിയ തുക എന്ന് കരുതിയാൽ മതി) തന്നാൽ ജോലി രാജിവെക്കുമോ?" എന്നത് എന്റെ പ്രിയപ്പെട്ട ചോദ്യമായിരുന്നു. എന്നാൽ അതെല്ലാം മാറി. ജോലി ഇന്നെനിക്ക് കൂലിക്കുള്ളൊരുപാധി മാത്രമല്ല. "അതുക്കും മേലെ" പലതുമാണ്.

സന്തോഷത്തിനുള്ളൊരുപാധി: പണ്ടൊക്കെ വെറുതെ ഇരുന്നാൽ എനിക്ക് സന്തോഷമായിരുന്നു. ഒന്നും ചെയ്യേണ്ട കാര്യമില്ല. സന്തോഷത്തിന്റെയാ ഉറവിടം ജീവിതപാതയിൽ എനിക്ക് നഷ്ടമായി. ഇന്ന് സന്തോഷം തോന്നാൻ എന്തെങ്കിലും ഒക്കെ ചെയ്യണം. വെറുതെ ഇരുന്നാൽ സന്തോഷമല്ല. സങ്കടമാണോ എന്ന് ചോദിച്ചാൽ, അതുമല്ല. ഒരു മടുപ്പും ക്ഷീണവും. അതിനാൽ വെറുതെ ഇരിക്കാനിഷ്ടമല്ലാതായി. അതിന് ജോലിയെടുക്കണോ, സിനിമായൊക്കെ കണ്ടിരുന്നാൽ പോരെ?

ജീവിതോദ്ദേശ്യസ്രോതസ്സ്‌: സന്തോഷം നഷ്ടപെട്ടതുകൊണ്ടാവണം, ജീവിതത്തിന് ഒരു അർത്ഥവും ലക്ഷ്യവും വേണം എന്ന് തോന്നിത്തുടങ്ങി. ജീവിതതത്തിൽ ദുഃഖം വരുമ്പോളാണ് നാം ഉദ്ദേശം തേടുന്നത് എന്ന് ഞാൻ മുമ്പൊരിക്കൽ പറഞ്ഞിരുന്നുവല്ലോ. നാലാൾക്ക് ഉപകാരപ്പെടുക എന്നതാണ് എന്റെ പരിമിതമായ അറിവിൽ ഏറ്റവും ശ്രേഷ്ഠമായ ജീവിതോദ്ദേശം. എനിക്ക് സമൂഹത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയകാര്യം അധ്യാപനമാണ് എന്ന് ഞാൻ കരുതുന്നു.

സൗഹൃദങ്ങൾ: എത്ര കാശുകിട്ടിയാലും രാജിവെക്കില്ല എന്ന് പറഞ്ഞ പലരുമുണ്ടായിരുന്നു. എന്നാൽ അതിൽ ഒരാൾ പറഞ്ഞ കാരണം എനിക്കും സമ്മതമായിരുന്നു. "അക്കാദമിക്സിൽ ഉള്ളവരുടെ കൂട്ട് ഞാൻ ഇഷ്ടപ്പെടുന്നു. അതിനുവേണ്ടിയെങ്കിലും ഞാൻ ജോലിയിൽ തുടരും" എന്നതായിരുന്നു കാരണം. IISER ഭോപ്പാലിലെ 10 മാസം ഈ ആശയത്തിന് കുറച്ചുംകൂടി ശക്തിയേകി. അവിടെ എൻറെ കൂട്ട് അവിടുത്തെ വിദ്യാര്ഥികളായിരുന്നു. എന്റെ പ്രായത്തിലുള്ളവർ പലപ്പോഴും സ്വന്തം കുടുംബഭാരങ്ങളിൽ വ്യസ്തരാകും. വിദ്യാർത്ഥികളുമായുള്ള ആത്മബന്ധമാണ് എൻറെ ജോലിയിൽ ഞാൻ ഏറ്റവും അധികം ഉറ്റുനോക്കുന്നത്.

എനിക്കിഷ്ടമുള്ള നേരംപോക്കുകൾ (സിനിമ, അനിമേ, കമ്പ്യൂട്ടർ കളികൾ) ജീവിത ലക്ഷ്യം നൽകില്ലെന്ന് മാത്രമല്ല, സൗഹൃദങ്ങളും നൽകില്ല എന്ന് ശ്രദ്ധിക്കുമല്ലോ.

പ്രതിച്ഛായ: പണ്ടൊക്കെ എനിക്ക് എന്നെ നല്ല മതിപ്പായിരുന്നു. ആരെന്തുപറയും എന്നതൊന്നും എന്നെ ബാധിച്ചിരുന്നതേയില്ല. എന്നാൽ ഇന്നതല്ല സ്ഥിതി. യുക്തിഹീനം എന്നെനിക്കുതന്നെ ഇടക്ക് തോന്നുമെങ്കിലും, asexuality എന്നിൽ ആർക്കും വേണ്ടാത്തവൻ എന്നൊരു അപകർശർതാബോധം ഉണർത്തിയിരുന്നു. കാലക്രമേണ കുറേയൊക്കെ മാറിയെങ്കിലും പണ്ടത്തെ ആത്മവിശ്വാസം വീണ്ടെടുക്കാൻ എനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. മറ്റുള്ളവർ എന്നെകുറിച്ചെന്ത് ചിന്തിക്കും എന്നത് എനിക്കൊരു വലിയ വിഷയമാണ്. ഒരു ജോലികൂടി ഇല്ലാതായാൽ എല്ലാ അർത്ഥത്തിലും ഞാൻ ഒരു തോൽവി ആവുമോ എന്ന ഭയം എന്റെ ഉള്ളിൽ ഉണർന്നു. കാര്യങ്ങളൊന്നും അത്ര ശരിക്ക് പോകുന്നില്ല എന്ന് എനിക്ക് തോന്നിയിരുന്ന, ഞാൻ മദ്രാസിൽ ജീവിച്ചിരുന്ന സമയത്താണ് ഇത് ഏറ്റവും ശക്തമായിരുന്നത്.
-----------------------------------------------------------------
ഇന്ന് എൻറെ ജീവിതതത്തിന്റെ പുതിയൊരു അധ്യായം തുടങ്ങുകയാണ്. എനിക്ക് സ്ഥിരമായ ഒരു ജോലി കിട്ടി. അസിം പ്രേംജി യൂണിവേസിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസ്സർ. ഞാൻ പെട്ട കഷ്ടപാടിനും ഒരു ഗുണമുണ്ടായി. എന്റെ ജോലി എനിക്ക് പ്രിയപ്പെട്ടതായി. അതിനാൽ തന്നെ ഞാൻ എന്റെ ഉത്തരവാദിത്തങ്ങൾ കൂടുതൽ ഭംഗിയായി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

Post a Comment

Popular posts from this blog

കല്യാണം എന്തിന് ?

മമത