ഞങ്ങളും നമ്മളുംജല്ലികട്ട് പ്രക്ഷോഭം നടക്കുമ്പോൾ ഞാൻ ചെന്നൈയിൽ ഉണ്ടായിരുന്നു. വളരെ ശാന്തവും അഹിംസാപരവും ആയിരുന്നുവെങ്കിലും എന്നെ തെല്ല് അസ്വസ്ഥനാക്കിയിരുന്നു ജല്ലികട്ട് പ്രക്ഷോഭം. ഓരോ "തമിഴൻ ഡാ" എന്ന മുറവിളിയും, ഞാൻ തമിഴനല്ല എന്ന് എന്നെ ഓർമപ്പെടുത്തി. പുറത്താക്കപ്പെട്ട ഒരു അനുഭവം. ഭൂരിഭാഗം ജനത അവരുടെ സ്വന്തം വ്യക്തിമുദ്രയിൽ അതിയായി അഭിമാനം കൊള്ളുമ്പോൾ, ബാക്കിയുള്ളവരിൽ അത് അസ്വസ്ഥത സൃഷ്ടിച്ചെക്കാം എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിൽ വേറെ ദുരുദ്ദേശങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും. ഞങ്ങൾ ഹിന്ദുക്കൾ, ഞങ്ങൾ മലയാളികൾ, ഞങ്ങൾ എഞ്ചിനീയർമാർ, ഞങ്ങൾ ഈശ്വര വിശ്വാസികൾ എന്നൊക്കെ പറയുമ്പോൾ, അതിൽ പെടാത്തവർക്ക് പുറത്താക്കപ്പെട്ട പോലെ തോന്നിയേക്കാം. ഇതെല്ലാം നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെ. പക്ഷെ അത് കൊട്ടിഘോഷിക്കണ്ട എന്ന് തോന്നി. മലയാളിയോട് സംസാരിക്കുമ്പോൾ നമ്മൾ മലയാളികൾ എന്ന് പറയാം. എന്നാൽ തമിഴാനോട് സംസാരിക്കുമ്പോൾ ഞങ്ങൾ മലയാളികൾ എന്ന് പറയുന്നതിന് പകരം നമ്മൾ തെക്കേ ഇന്ത്യക്കാർ എന്ന് പറയാം. ഇത് പോലെ ഞങ്ങൾ എന്നതിന് പകരം നമ്മൾ എന്ന് പറയാൻ ശ്രമിക്കാം. ആരെയും കുറ്റ പെടുത്തുകയല്ല ഞാൻ. അങ്ങിനെ കുറ്റപ്പെടുത്താൻ ഉള്ള അർഹതയും എനിക്കില്ല്യ. ഞാനും ഇത്തരം അഭിമാന പ്രകടനങ്ങളിൽ പങ്കുചേരാറുണ്ട്. ഇനി മേലാൽ കുറച്ചും കൂടി ശ്രദ്ധിക്കും ഞാൻ, ന്യൂനപക്ഷത്തിന് ഇത്തരം അരക്ഷിതത്വം വരാതിരിക്കാൻ.

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

ശണ്ഠന്റെ വിലാപം