വീട്ടുചോറുള്ളവർക്കെ വിരുന്നുചോറുള്ളു

പയനികളിൻ കനിവാന ഗവനത്ത്ക്ക്.  വണ്ടി എൺ 2-2-6-2-5 ചെന്നൈ ബംഗലൂരു ഡബിൾഡെക്കർ എക്സ്പ്രെസ്സ് തടം ആറിൽ ഉള്ളത്.

എനിയ്ക്ക് പോകണ്ട വണ്ടിയായിരുന്നു.  ഞാൻ നേരെ ആറാമത്തെ പ്ലാറ്റ്ഫോരത്തിലേയ്ക്ക് നടന്നു.  മനസ്സിൽ ചിന്തകൾ പലതായിരുന്നു.  തമിഴരെ സമ്മതിയ്ക്കണം, “തടം”, “എൺ” ഇതെല്ലാം നല്ല പ്രയോഗങ്ങളാണ്‌.  പക്ഷേ ഇപ്പോൾ തമിഴിലും ഇംഗ്ലീഷ് വാക്കായ platform ഉപയോഗിക്കാറുണ്ട്.   മലയാളത്തിൽ എണ്ണം എന്ന് പറയുമല്ലൊ.  “എൺ”, “എണ്ണം”, ഇവ രണ്ടിന്റെയും  മൂലം ഒന്നായിരിക്കും.  എന്നെല്ലാം.  വണ്ടിയിൽ കയറി ഇരുന്നപ്പോളാണോർത്തത്‌ വെള്ളം വാങ്ങാൻ മറന്നു.  സാരല്ല്യ, വണ്ടിയിൽ ആരെങ്കിലും വില്ക്കാൻ കൊണ്ടുവരും.  അപ്പോൾ വാങ്ങാം.

വലിയ താമസിയാതെ ഒരാൾ വെള്ളവുമായി വന്നു.  ഒരു കുപ്പിയ്ക്ക് പതിനഞ്ച് രൂപ.  എന്റെ അടുത്തിരുന്ന ആളും ഒരു കുപ്പി വാങ്ങി.  രണ്ടു പേരും കൊടുത്തത് ഇരുപത് രൂപ.  പാവം കച്ചവടക്കാരന്റെ കയ്യിൽ ചില്ലറ ഉണ്ടായിരുന്നില്ല്യ.  എന്ത് ചെയ്യണം എന്ന് എല്ലാവരും സംശയിച്ചിരിയ്ക്കുമ്പോൾ എന്റെ അടുത്തിരുന്നയാൾ, അതിലെ ഒരു പത്തുരൂപ എനിയ്ക്ക് തന്നാൽ മതി, എന്ന് കച്ചവടക്കാരനോട് പറഞ്ഞു.  എനിയ്ക്ക് പത്തുരൂപതന്ന് അയാൾ പോയി.  ഞാൻ ആ പത്തു രൂപ എന്റെ അടുത്തിരിയ്ക്കുന്നയാൾക്ക് കൊടുക്കാൻ നോക്കിയെങ്കിലും അയാൾ അത് മേടിച്ചില്ല്യ.

ഈ സംഭവം എന്റെ ഉള്ളിൽ തട്ടി.  ഞങ്ങൾ രണ്ടുപേരും രണ്ടാമന്‌ അഞ്ചുരൂപ കൊടുക്കാൻ സന്നദ്ധരായിരുന്നു.  എന്നാൽ, ഒരു കച്ചവടക്കാരന്‌ അതേ അഞ്ചുരൂപ കൊടുക്കാൻ മടിയ്ക്കുന്നു.  ഡബിൾഡെക്കറിൽ യാത്ര ചെയ്യുന്ന ഞങ്ങൾക്ക് അഞ്ചുരൂപ നിസ്സാരം.  കച്ചവടക്കാരനാണെങ്കിൽ അത്ര ചെറിയ തുകയല്ലതാനും.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇതുപോലൊരു സംഭവം എന്റെ ജീവിതത്തിൽ വീണ്ടും നടന്നു.  സ്ഥലം തിരുവാണ്മിയൂർ റേൽവേ സ്റ്റേഷൻ.  ഞാൻ ടിക്കറ്റെടുക്കാൻ കാത്തുനില്ക്കുകയായിരുന്നു.  ഒരാൾ എന്റെ അടുത്ത് വന്ന് ബീച്ചിലേയ്ക്കാണൊ എന്ന് ചോദിച്ചു.  അതെ, എന്ന് പറഞ്ഞപ്പോൾ, അയാൾ ഒരു ടിക്കറ്റെനിയ്ക്ക് തന്നു.  അയാൾ രണ്ട് ടിക്കറ്റെടിത്തിരുന്നു.  ഞാൻ അഞ്ചുരൂപ (ടികറ്റിന്റെ വില) കൊടുക്കാൻ പോയപ്പോൾ വേണ്ടെന്ന് പറഞ്ഞ് അയാൾ വേഗം നടന്നകന്നു.  ഞാൻ അയാളുടെ പിന്നാലെ പോയി.  ഞങ്ങൾക്ക് ഒരേ സ്ഥലത്തേയ്ക്കാണലൊ പോകണ്ടത്.

ഒരു പത്തടി നടന്നപ്പോൾ ഒരു ധർമ്മക്കാരൻ അയാളോട് “വല്ലതും തരണേ” എന്ന് ചോദിയ്ക്കുന്നത് കണ്ടു.  കയ്യുകൊണ്ട് ഒന്നുമില്ലെന്ന് കാണിച്ച്, അയാൾ നടന്നു.  ടികറ്റിനായി കരുതിയിരുന്ന അഞ്ചുരൂപ ആ ധർമക്കാരന്‌ കൊടുത്ത്, ഞാനും.





Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

ശണ്ഠന്റെ വിലാപം