ഞാനും ഒരമ്മയല്ലെ?

ഞാൻ ജനിച്ചത് കാരാഗൃഹത്തിലാണ്‌.  മറ്റുളവർ സ്വതന്ത്രമായി കഴിയുന്നത് പക്ഷേ എനിയ്ക്ക് കാണാമായിരുന്നു.  വിശപ്പുള്ള ഒരാളുടെ മുൻപിൽ, കൈയ്യെത്താദൂരത്ത് ഇഷ്ട ഭക്ഷണം വെച്ചപോലെ.  ഈ ദുസ്സഹം എന്ന് തോന്നുന്ന ജീവിതത്തിനോടും ഞാൻ പതുക്കെ പൊരുത്ത പെട്ടു.  ഒരു സാന്ത്വനമായി ആ സമയത്ത് ഒരു പുരുഷൻ എത്തി, അതേ കരാഗൃഹത്തിൽ.  വലിയ താമസം ഇല്ല്യാണ്ടേ ഞാൻ ഒരു അമ്മയായി, അദ്ദെഹത്തിന്റെ കുട്ടികളുടെ അമ്മ.  എന്റെ ജീവിതത്തിൽ ആദ്യമായി ഒരു സന്തോഷം!  ആ മരുപ്പച്ച ഞാൻ ശെരിയ്ക്കും ആസ്വദിച്ചു.

പക്ഷേ, ആ സന്തോഷം അധിക കാലം നീണ്ട് നിന്നില്ല്യാ. എന്റെ കുഞ്ഞ് ജനിച്ചതും അതിനെ അവർ എന്നിൽ നിന്ന് അപഹരിച്ചുകൊണ്ടുപോയി.  വാക്കുകളാൽ രേഖപ്പെടുത്താൻ പറ്റുനതിലും അപ്പുറം ആയിരുന്നു ആ ദുഃഖം.  എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ വേദന.  പിന്നെ പിന്നെ അതൊരു പതിവായി.  എന്റെ എല്ലാ കുഞ്ഞുങ്ങളേയും അവരപഹരിയ്ക്കും, എന്നിട്ട് വില്ക്കുകയോ കൊല്ലുകയോ ചെയ്യും.  എന്തൊരു വർഗ്ഗം അല്ലെ!  എന്ത് പാപമാണാവോ ഞാൻ ചെയ്തതു.  എങ്ങനെയെങ്കിലും ഈ ജീവിതം ഒന്ന് കഴിഞ്ഞ് കിട്ടിയാൽ മതി എന്നായി.  കുട്ടികളുണ്ടാവില്ല എന്നൊരു സ്ഥിതി എത്തിയാൽ അവർ എന്നെ വെച്ച് സൂപ്പാക്കും.  അതാണല്ലൊ മനുഷ്യന്റെ തടവിൽ കഴിയുന്ന ഞങ്ങൾ കോഴികളുടേ വിധി.  എനിയ്ക്ക് വിഷമവും ഇല്ല്യാ, മരിയ്ക്കാൻ പേടിയും ഇല്ല്യാ.  മരണം ഈ ജീവിതത്തിനെക്കാളും എന്തുകൊണ്ടും ഭേദമാണ്‌.

ഇപ്പോൾ ചിങ്ങമാസം, മഴ കഴിഞ്ഞ് എങ്ങും പൂക്കൾ വിരിഞ്ഞ് പ്രകൃതി മനോഹാര്യതയുടെ മൂർധന്യത്തിൽ ഇരിയ്ക്കുന്നു.  എങ്ങും ഓണാഘോഷ- ത്തിന്റേയും ഭക്തിയുടേയും ലഹരി.  ഞങ്ങളുടെ കൊച്ചമ്മയും ശ്രീകൃഷ്ണന്റേ കഥയായ ദശമം വായിയ്ക്കും.  ഈയിടെ കണ്ട ഒരു ദൃശ്യം എന്റെ ഉള്ളിലെ വേദനയെ ഒന്നും കൂടി ആളി പടർത്തി, എരിതീയിൽ എണ്ണയെന്നപോലെ.  ശ്രീകൃഷ്ണന്റെ അമ്മയായ ദേവകിയുടെ കാരാഗൃഹ വാസവും തുടർന്ന് കംസനാൽ ഒരൊ കുഞ്ഞുങ്ങളും വധിയ്ക്കപെടുന്നതും വായിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു കൊച്ചമ്മ.  അറിയാണ്ടെ അവരുടേ കണ്ണൊന്ന് നനഞ്ഞു.  ഇത് കണ്ട് കളിയാക്കുന്ന മട്ടിൽ യജമാനൻ ചോദിച്ചു: “എല്ലാ കൊല്ലത്തേയും ചടങ്ങാണല്ലൊ ഇത്.  ഇത് എല്ലാതവണ വായിക്കുമ്പോളും നീ എന്തിനാ കരയണത്”.
കൊച്ചമ്മ പരിഭവത്തോടെ: “ഞാനും ഒരമ്മയല്ലെ?”


ഈ കഥ IIScയുടെ മലയാളി സംഘടനയായ Science institute malayali association - SIMAയുടേ വാർഷികപതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്‌ 

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

ശണ്ഠന്റെ വിലാപം