ഫെമിനിസം

ഞാൻ ഒരു ഫെമിനിസ്റ്റാണ്. സ്ത്രീ പുരുഷ സമത്വം എന്ന ഫെമിനിസ്റ്റ് ആശയത്തിനോട് എനിക്ക് യോജിപ്പാണ്. എന്നാൽ ചില ഫെമിനിസ്റ്റുകൾ പറയുന്നത് മനസിലാക്കാൻ അല്ലെങ്കിൽ സമ്മതിക്കാൻ ബുദ്ധിമുട്ടു തോന്നാറുണ്ട്. അവയെ മനസിലാക്കാൻ ഉള്ള ശ്രമങ്ങളും ചില്ലറ അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ ആണ് ഈ ലേഖനത്തിന്റെ പ്രമേയം. എന്റെ ചില അനുഭവങ്ങൾ ആയി താരതമ്യപ്പെടുത്തിയാണ് ഞാൻ ഇവ മനസിലാക്കാൻ ശ്രമിക്കുന്നത്. അപാകതകൾ ചൂണ്ടി കാണിക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളു.

ഈ അടുത്ത് ഹോളി കഴിഞ്ഞതെ ഉള്ളു. എനിക്ക് ഹോളി വലിയ വെറുപ്പാണ്. ഞാൻ എത്ര എതിർപ്പ് രേഖപ്പെടുത്തിയിട്ടും എന്റെ മേത്ത്‌ നിറം വാരി തേച്ചിട്ടുണ്ട്. ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞത് കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടായതും ഇല്ല. അതുകൊണ്ട് തന്നെ പരമാവധി ഒളിച്ചിരിക്കുകയാണ് പതിവ്. ഇക്കുറിയുമങ്ങിനെ തന്നെ ആയിരുന്നു. എന്നാൽ എന്റെ പ്രതിഷേധം ഞാൻ ചെറിയ തോതിൽ അറിയിച്ചു. ഒരു ഫേസ്ബുക് പോസ്റ്റിലൂടെ. #nomeansno #holi എന്നൊരു പോസ്റ്റ്.

#nomeansno വളരെ പ്രസിദ്ധമായ ഒരു ഹാഷ്ട്ടാഗാണ്. പെണ്ണുങ്ങളുടെ പുറകെ നടന്ന് ശല്യപ്പെടുത്തുന്നവരോട് പറയുന്നതായാണ് ഇത് പ്രസിദ്ധമായത്. അവരുടെ വിസമ്മതം വെറും നാണമാണ്, വിസമ്മതമല്ല എന്ന് കരുത്തുന്നവരോട്. അല്ലെങ്കിൽ, പുറകെ നടന്ന് ശല്യപ്പെടുത്തുന്നത് അവർ രഹസ്യമായി ആസ്വദിക്കുന്നുണ്ട് എന്ന് കരുതുന്നവരോട്. എന്നാൽ ആ പ്രതിഷേധത്തിന്റെ ഗുട്ടൻസ് ശരിക്ക് ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ അങ്ങിനെ ആരെയും ശല്യപ്പെടുത്തിയിട്ടില്ല. ശല്യപ്പെടുത്തുന്നത് തെറ്റാണ് എന്ന് തന്നെ ആയിരുന്നു അന്നും എന്റെ നയം. പക്ഷെ ചില സംശയങ്ങൾ. ഇവർ ഈ പറയുന്നത് സത്യമാണോ? എന്നെ ഒരാൾ ചായകുടിക്കാൻ വിളിച്ചാൽ ഞാൻ ആദ്യം ഇല്ല എന്ന് പറഞ്ഞെന്നിരിക്കും. രണ്ട് മൂന്ന് പ്രാവശ്യം ചോദിച്ചാൽ ഞാൻ കൂടെ പോയി എന്നും വരും. അത്ര താൽപര്യമില്ല എന്നെ അർത്ഥമുള്ള. അങ്ങിനെ അല്ലെ നമ്മളിൽ പലരും. അതുപോലെ തന്നെ ആവില്ലേ പ്രേമത്തിൻറെ വിഷയത്തിലും, എന്ന ചോദ്യം. ചോദ്യം വളരെ പ്രസക്തമാണ്. ആ ചോദ്യത്തിന് ഇന്നും എന്റെ കയ്യിൽ ഉത്തരമില്ല. എന്നാൽ ഇവരുടെ രോഷം എനിക്കിപ്പോൾ നല്ലവണ്ണം ഉൾകൊള്ളാൻ കഴിയുന്നുണ്ട്. ഹോളിക്കും ഈ പറഞ്ഞതുപോലെ ആദ്യം താൽപര്യമില്ല എന്ന് പറഞ്ഞ് പിന്നെ അത് ആസ്വദിക്കുന്നവർ ഉണ്ടാകും. പക്ഷെ ഞാൻ അക്കൂട്ടത്തിൽ ഇല്ല എന്ന് ഞാൻ എങ്ങിനെ പറഞ്ഞ് മനസിലാക്കും. അക്കൂട്ടത്തിൽ പെടാത്തവർ ഉണ്ടാവാം എന്ന സാധ്യതപോലും തള്ളികളയുന്നു. നിസ്സഹായാവസ്ഥയും പേടിയും ആണ് അതിന്റെ ഫലം. എനിക്ക് കൊല്ലത്തിൽ ഒരിക്കലെ വേണ്ടു. ഒളിച്ചിരിക്കാം. പെണ്കുട്ടികൾക്കോ?

ഈ പ്രതിഷേധികളോട് എനിക്ക് ആദ്യം മുതലേ ഒരു മനസ്സലിവോക്കെ തോന്നിയിരുന്നു. സഹാനുഭൂതി വന്നത് ഇപ്പോഴാണ് എന്നെ ഉള്ളു. എന്നാൽ വേറെ ചില കാര്യങ്ങളിൽ ആദ്യമൊന്നും എനിക്ക് അത് പോലും തോന്നിയിരുന്നില്ല. അതിൽ പ്രധാനപെട്ടതാണ് Schroedinger's rapist എന്ന ആശയം. ഒരു ആണ് റേപിസ്റ് ആവാനും ആവാതിരിക്കാനും തുല്യ സാധ്യതയാണ് എന്നതാണ് ആശയം. ആ ഒരു മുൻകരുതലോടെ ആണ് പൊതുവെ പെണ്ണുങ്ങൾ പെരുമാറുക ത്രെ. ഇതു കേട്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. ആണിനെ ഉള്ള ഈ ഭയം, ഭയത്തിൽ നിന്ന് വരുന്ന വെറുപ്പ്, എന്നെ എപ്പോഴും ദുഃഖിപ്പിക്കുന്ന ഒരു കാര്യം ആണ്. ഇതിനെ കുറിച്ച് ഇംഗ്ലീഷിൽ ഞാൻ ഒരു ലേഖനം എഴുതിയിരുന്നു. ഇത്ര പേടി ഉള്ളവരോട് ഞാൻ എന്തിനാ സംസാരിക്കുന്നത്, ഞാനായി പേടിപ്പിക്കണോ എന്ന തോന്നൽ. ഒരു ചെറിയ പ്രതികാര മനോഭാവം. എന്നാൽ അതിന് എനിക്ക് ഉത്തരം കിട്ടി. എന്റെ തന്നെ ഉപദേശത്തിൽ നിന്ന്. തികച്ചും വ്യത്യസ്ഥമായ ഒരു വിഷയത്തിൽ ഞാൻ എന്റെ സുഹൃത്തിന് കൊടുത്ത ഉപദേശത്തിൽ ഉത്തരമുണ്ടായിരുന്നു.

അധ്യാപകരും കുട്ടികളും തമ്മിലുള്ള അകൽച്ചയായിരുന്നു സംസാരവിശയം. എന്തുകൊണ്ടാണ് കുട്ടികൾ വന്ന് സംസാരിക്കാത്തത്, എന്നതായിരുന്നു ചോദ്യം. ഞാൻ പറഞ്ഞു അവർക്ക് പേടി ഉള്ളത് കൊണ്ട്. അവർ എന്തിന് പേടിക്കുന്നു? വലുപ്പ ചെറുപ്പം ഉള്ളത് കൊണ്ട്. അതിന് ഞാൻ അങ്ങിനെ ഒന്നും പെരുമാറിയില്ലലോ? ഇല്ല, പക്ഷെ സമൂഹത്തിൽ അതുണ്ട്. അപ്പോൾ ആ പേടി ഇല്ലാതെ ആവണം എങ്കിൽ നമ്മൾ ഒന്നും ചെയ്യാതെ ഇരുന്നാൽ പോരാ. സമൂഹം വരുത്തിവെച്ച നാശം നികത്തണം. അതത്ര എളുപ്പമൊന്നും അല്ല. പക്ഷെ, ആ ബോധം ഉണ്ടെങ്കിൽ കുറച്ച് ഗുണം കണ്ടേക്കാം.

ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി, സ്ത്രീ പുരുഷ ബന്ധത്തിലും ഇല്ലേ ഇതു പോലെ സമൂഹം കല്പിക്കുന്ന ഒരു വലുപ്പചെറുപ്പം. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ അവിടെയും ബാധകം അല്ലെ. ഒരു മനസ്സലിവോക്കെ തോന്നി. എന്നാൽ വേറെ ഒരു അനുഭവം കൂടി എനിക്കുണ്ട്. വിദ്യാർത്ഥി ആവുന്നതാണ് അധ്യാപകനാക്കുന്നതിനെക്കാൾ സുഖം. പറഞ്ഞിട്ട് കാര്യമില്ലലോ.

ഇത് പോലെ ആണ് ജീവിതത്തിൽ അധിക കാര്യങ്ങളും എന്ന് എനിക് തോന്നിയിട്ടുണ്ട്. ശരിയായ ഉദാഹരണം കിട്ടിയാൽ കാര്യങ്ങൾ മനസിലാക്കാൻ വളരെ എളുപ്പമാണ്. പഠിപ്പിക്കുമ്പോൾ അത്തരം ഉദാഹരണങ്ങൾ നൽകാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അതിന് വേറെ ഒരു ദൃഷ്ടാന്തം പറയാം.

ഞാൻ സ്‌കൂളിൽ മലയാളം പഠിച്ചിട്ടില്ല. അത് അറിയുന്ന പലരും എന്റെ എഴുത്ത് വായിച്ചിട്ട് പറയാറുണ്ട് - "മലയാളം പഠിക്കാത്ത അവസ്ഥക്ക് കേമാണ് എഴുത്ത്". നല്ലത് ഉദ്ദേശിച്ചാണ് പറയുന്നത്. എന്നാൽ അത് കേൾക്കുമ്പോൾ അത്ര നന്നല്ല എന്ന തോന്നൽ. അല്ലെങ്കിൽ, പഠിക്കാത്ത അവസ്ഥക്ക് എന്ന് പറയേണ്ടതില്ലലോ. അപ്പോൾ ചെറിയ ഒരു ദുഃഖം തോന്നും. "ഒരു പെണ്ണായിട്ട് ഇത്ര ചെയ്തല്ലോ" എന്ന് പറയുമ്പോളും ഇതേ വിഷമം തന്നെ ആവും എന്നും തോന്നി. വീണ്ടും സഹാനുഭൂതി. പക്ഷേ, എന്റെ എഴുത്ത് അത്ര നല്ലതല്ലാത്തത് കൊണ്ട് തന്നെയാണ് അങ്ങിനെ പറയുന്നത് എന്നെനിക്ക് ബോധ്യമാണ്. ദുഃഖകരം ആണെങ്കിലും അത് അംഗീകരിച്ചേ പറ്റു. അല്ലെങ്കിൽ മാധവികുട്ടി സ്‌കൂളിൽ പഠിച്ചിട്ടാണോ ഇത്ര നന്നായി എഴുതുന്നത്. പൂന്താനമോ. പെണ്ണുങ്ങളുടെ കാര്യത്തിലും, ചില കാര്യങ്ങളിലെങ്കിലും, ഈ തിരിച്ചറിവ് ഉണ്ടാവുന്നത് നല്ലതാണ്. ഉദാഹരണത്തിന് അത്ലറ്റിക്സ്. ഇപ്പോൾ മത്സരിക്കുന്ന ആണുങ്ങൾ ഇപ്പോൾ മത്സരിക്കുന്ന പെണ്ണുങ്ങളെക്കാൾ മീതെയാണ് എന്നത് വാസ്തവം ആണ്. അങ്ങിനെ ഉള്ള വിഷയങ്ങളിൽ ദുഃഖകരം ആണെങ്കിലും അത് അംഗീകരിക്കുന്നതാണ് വലുപ്പം. മിഥാലി രാജിന്റെ, ആണുങ്ങളായ ക്രിക്കറ്റ് കളിക്കാരായി തന്നെ താരതമ്യം ചെയ്യരുത് എന്ന് പറയുന്നതൊക്കെ ഇതു പോലെ ആണ് എന്നാണെൻറെ അഭിപ്രായം. ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് കളിക്കാരൻ ആരാണ് എന്ന് ചോദിച്ചതായിരുന്നു പുകിലിന് കാരണം. ഒരു ആണിനോട് ഇതുപോലെ ചോദിക്കുമോ എന്നായിരുന്നു അവരുടെ ചോദ്യം. ചില സന്ദർഭങ്ങളിൽ ചോദിക്കും. ഏറ്റവും ഇഷ്ടമുള്ള നടി ഏതാ എന്ന് നടന്മാരോട് സ്ഥിരം ചോദിക്കാറുള്ള ചോദ്യമാണ്. അപ്പോൾ ആ ചോദ്യം തെറ്റായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. ദുഃഖം തോനിയേക്കാം എന്നത് വേറെ കാര്യം. അതിനാൽ അത് അറിഞ്ഞാൽ അക്കാര്യത്തിൽ ഊന്നൽ കൊടുക്കാതെ ഇരിക്കുന്നതും ഒരു വലുപ്പം തന്നെ.

പക്ഷേ എന്ത് പറഞ്ഞാൽ ആണ് വിഷമം ആവുക എന്ന് അറിയുക അത്ര എളുപ്പമല്ല. അറിഞ്ഞുകൊണ്ട് വിഷമിപ്പിക്കുന്നവർ വളരെ കുറവാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അറിയാത്തത് കൊണ്ടുള്ള പ്രശ്നമാണ്. ആദ്യത്തെ തവണയെങ്കിലും ആ ആനുകൂല്യം കൊടുക്കണം. പറഞ്ഞത് തെറ്റാണ് എന്നല്ല, പറഞ്ഞത് എന്നെ വിഷമിപ്പിച്ചു എന്ന് പറയണം. എന്നിട്ടും ആവർത്തിക്കുകയാണെങ്കിൽ അത് ക്രൂരമാണ് എന്ന് അംഗീകരിക്കുന്നു. വീണ്ടും ഒരു ഉദാഹരണത്തിലൂടെ ഞാൻ വിശദീകരിക്കാം.

ഈ അടുത്ത് എന്റെ ഏട്ടന്റെ കുട്ടി, ബിൽഡിങ് ബ്ലോക്‌സ് വെച്ച് ഒരു തീവണ്ടി ഉണ്ടാക്കി അതിന്റെ ഫോട്ടോ ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ ഇട്ടു. ആരും തീവണ്ടി ശ്രദ്ധിച്ചതെ ഇല്ല. എന്തൊരു ഭംഗിയാണ് കാണാൻ എന്നായിരുന്നു അധിക പേരും പറഞ്ഞത്. അത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. IAS കിട്ടിയ പെണ്‌കുട്ടിയുടെ സൗന്ദര്യത്തിനെ പറ്റി മാത്രം ചിലർ പറഞ്ഞതും, അതേ തുടർന്ന് ഉണ്ടായ കോലാഹലവും ഓർമ വന്നു. പെണ്ണുങ്ങൾ എന്ത് ചെയ്താലും ഭംഗിയിൽ മാത്രം ശ്രദ്ധിക്കുന്നത് തെറ്റാണ് എന്നായിരുന്നു പൊതു അഭിപ്രായം. ശരിയാണ് എന്ന് എനിക്കും തോന്നി. എനിക്കാണെങ്കിലും ദുഃഖമായേർന്നേനെ എന്ന് തോന്നിയിരുന്നു. അതുകൊണ്ടു ഞാൻ എന്റെ ഈ ചിന്തകൾ ഗ്രൂപ്പിൽ പങ്കുവെച്ചു. പക്ഷെ അവിടെ ആർക്കും അത് സമ്മതം ആയില്ല. എന്നെ എതിർത്തതെല്ലാം സ്ത്രീകളായിരുന്നു എന്നതാണ് ഏറ്റവും വലിയ അത്ഭുതം. ഭംഗിയിൽ മാത്രം ശ്രദ്ധിക്കുന്നതിൽ ദുഃഖം ഉണ്ടാവില്ല. ഭംഗി ഉണ്ട് എന്നല്ലേ പറയുന്നത്, അത് നല്ല കാര്യമല്ലേ, സന്തോഷം മാത്രമേ ഉണ്ടാവുള്ളു, എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ആകെ കുഴച്ചിലായി. ഇതു പോലെയാണ് പല കാര്യങ്ങളും. ഒരാൾക്ക് വിഷമം ആവുന്നത് വേറെ ഒരാൾക്ക് നല്ലതാണ്. നേരെ തിരിച്ചും. തുറന്ന സംഭാഷണം എന്ന ഒരു പോംവഴി മാത്രമേ എനിക്ക് കാണാനുള്ളു. അതിനുള്ള മനസ് എല്ലാവർക്കും ഉണ്ടാവട്ടെ.


Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

ശണ്ഠന്റെ വിലാപം