സൗന്ദര്യലഹരി

ഇന്ന് നടി ശ്രീദേവി മരിച്ചു. സൗന്ദര്യാർത്ഥം അവർ ഉപയോഗിച്ച മരുന്നുകൾ ആണ് മരണ കാരണം എന്നും, സ്വാഭിമാനം ഇല്ലാത്തതാണ് ഇത്തരം മരുന്നുകൾ ഉപയോഗിക്കാൻ കാരണം എന്നും, അവരുടെ ഭർത്താവ് ഇത് തടയണമായിരുന്നു എന്നും, മക്കൾക്ക് തെറ്റായ പൈതൃകം (legacy) ആണ് വിട്ട് പോയത് എന്നും പറഞ്ഞ് ഒരു പോസ്റ് കണ്ടു. അതാണ് എന്നെ കൂടുതൽ വിഷമിപ്പിച്ചത്. മരണ ദിവസം തന്നെ ഇത്തരം ഒരു പോസ്റ്റ് എഴുതണമായിരുന്നോ? സൗന്ദര്യത്തിന് കിട്ടുന്ന അമിത പ്രാധാന്യം കുറയ്ക്കുക എന്ന സദുദ്ദേശമാണ് അവരുടെ മനസ്സിൽ എന്ന് സമ്മതിച്ചാൽ തന്നെ, അത് ഇന്ന് പറയണമായിരുന്നോ? ഇങ്ങിനെ പറയണമായിരുന്നോ? വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതായി തോന്നി. വേറെയും പലചിന്തകൾ.

നമ്മുടെ സമൂഹത്തിൽ സൗന്ദര്യത്തിന് അമിത പ്രാധാന്യം ഉണ്ട് എന്നത് എനിക്കും സമ്മതമാണ്. പക്ഷെ സമൂഹത്തിൽ അതുള്ളത്ര കാലം വ്യക്തികളും ആ പ്രാധാന്യം നൽകുക തന്നെ ചെയ്യും. സ്വാഭാവികം. തെറ്റ് എന്തായാലും അല്ല. സമൂഹം അംഗീകരിക്കണം എന്ന ആഗ്രഹം ആർക്കാണ് ഇല്ലാതെ ഇരിക്കുക. എനിക്കുണ്ട് തീർച്ച. അതുകൊണ്ടാണ് ഞാൻ ആ വിമർശനത്തെ വിമർശിക്കുന്നത്. അത്തരം ഒരു ലേഖനം എഴുതാൻ പാടില്ല എന്നല്ല, എന്നാൽ അത് വിമർശനീയം ആണ് എന്നെ ഞാൻ പറയുന്നുള്ളൂ.

ഈ സന്ദർഭത്തിൽ വേറെയും ചില സംശയങ്ങൾ പ്രസക്തമാണ് എന്ന് തോന്നുന്നു. ഒരു ബോക്സർ, വൃത്തിനിമിത്തം ദേഹം മുഴുവൻ 40 വയസ്സിൽ തന്നെ നാശമായി എന്ന് കരുതു. അവരുടെ ജീവിതത്തെ നാം ഇങ്ങിനെ വിലയിരുത്തുമോ? വിലയിരിത്തുന്നതായി കണ്ടിട്ടില്ല. രണ്ട് പേരും ചെയ്തത് ഒന്ന് തന്നെ അല്ലെ. ഒരാൾ സൗന്ദര്യം എന്ന ആശയാർത്ഥം ശരീരം നശിപ്പിച്ചു, ഒരാൾ ശക്തി എന്ന ആശയാർത്ഥം. എന്താണ് അവ തമ്മിലുള്ള വ്യത്യാസം? എനിക്ക് ഒന്നും തോന്നുന്നില്ല. പറഞ്ഞു വരുമ്പോൾ സൗന്ദര്യത്തിന് വേണ്ടി കഷ്ടപ്പെടുന്നതാവും കൂടുതൽ ബുദ്ധിപരം. അത്രയ്ക്ക് വിലയല്ലേ സമൂഹം അതിന് കൽപ്പിക്കുന്നത്.

എന്തിന് ഏറെ പറയുന്നു, ഒരു പെണ്കുട്ടി തനിക്ക് ഭംഗി ഇല്ല എന്ന് പറഞ്ഞാൽ, അയ്യോ അങ്ങിനെ ഒന്നും അല്ല, നീ സുന്ദരി ആണ് എന്ന് പറയാതെ വയ്യ സ്നേഹിതർക്ക്. മറ്റുവിഷയങ്ങളിൽ കാണാത്ത ഒരു ശുഷ്‌കാന്തി ഇതിൽ കാണാം. ഉദാഹരണത്തിന് എന്റെ പാട്ട് മോശമാണ് എന്ന് പറഞ്ഞാൽ, അല്ല നല്ലതാണ്, എന്ന് പറയാൻ ഇത്ര വ്യഗ്രത കാണില്ല. എന്തോ സൗന്ദര്യമില്ലെങ്കിൽ വില ഇല്ല എന്ന് പറയുന്നത് പോലെ. ഇതിനെ ആണ് ഞാൻ അമിതപ്രാധാന്യം എന്ന് വിളിക്കുന്നത്. അതിനാൽ ആണ് എനിക്ക് "അവൾ ആപ്പിടി ഒന്നും ആഴകില്ലൈ, ആനാൽ അത് ഒരു കുറയല്ലൈ" എന്ന പാട്ട് വലിയ ഇഷ്ടം. മറ്റ് പ്രേമഗീതങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം.

പിന്നെ, കള്ള് കുടിച്ച് സിറോസിസ് വന്നാണ് മരിച്ചത് എന്നിരിക്കട്ടെ. അതിനെ ആണ് വിമര്ശിച്ചിരുന്നത് എന്നിരിക്കട്ടെ. അതിനെതിരെ മുറവിളികൂട്ടാൻ കുറെ പേര് ഉണ്ടാവുമായിരുന്നു. അവരുടെ ശരീരം അവരുടെ ഇഷ്ടം. അവരെ ഒന്നും ഇവിടെ കണ്ടില്ല. രണ്ടിലും എന്റെ നിലപാട് ഒന്ന് തന്നെ ആണ്. കള്ള് കുടിക്കുന്നതോ, സൗന്ദര്യത്തിന് ഇത്ര പ്രാധാന്യം കൊടുക്കുന്നതോ, സമൂഹത്തിന് നല്ലതല്ല. അത് പ്രോത്സാഹിപ്പിക്കണ്ട. നന്നല്ല എന്ന ബോധം കൊണ്ട് വരാൻ ശ്രമിക്കാം. എന്നാൽ അത് ഒരു വ്യക്തി ചെയ്യുമ്പോൾ അത് അവരുടെ ഇഷ്ടമാണ്. കുറഞ്ഞ പക്ഷം ബലഹീനതയാണ്. വ്യക്തിനിന്ദ ചെയ്യണ്ട. മരിച്ചവരെയെങ്കിലും വെറുതെ വിടാം.


By http://www.bollywoodhungama.com - http://www.bollywoodhungama.com/more/photos/view/stills/parties-and-events/id/1781128, CC BY 3.0, https://commons.wikimedia.org/w/index.php?curid=25563320

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

ശണ്ഠന്റെ വിലാപം