കിണറ്റിലെ രാക്ഷസൻ

കുട്ടനും കുട്ടിയും അസാധരണ കുട്ടികളായിരുന്നു.  കിട്ടുന്ന സമയമെല്ലാം കൂടിയിരുന്ന് കഥകളും കവിതകളും രചിച്ചാണ്‌ അവർ ചിലവഴിച്ചത്.  അതിനായി വീടിനൊടു ചേർന്ന തൊടിയിലെവിടെയെങ്കിലും പോയി ഇരിയ്ക്കും, സ്വസ്ഥമായി.  ഒരു പൊട്ടകിണറിനോടുചേർന്നായിരുന്നു അവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം.  ഇപ്പോൾ കൊല്ലപരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടിയിരിയ്ക്കുന്ന സമയമാണ്‌.  വേറെ വഹയൊന്നും ഇല്ല്യ.  അതിനാൽ പതിവുപോലെ അവർ അവിടെ പൊയി ഇരുന്നു.  കുറേ നേരം ഇരുവരും ഒന്നും മിണ്ടാതെ കിണറുനോക്കിയിരുന്നു.  പൊടുന്നനെ കുട്ടി പറഞ്ഞു -  ഈ കിണറ്റിൽ ഒരു രാക്ഷസൻ ജീവിചിരുന്നെങ്കിലൊ.  ആശയം കുട്ടനും ബോധിച്ചു.  നല്ല ഉറവുള്ള കിണറായിരുന്നു.  പൊന്തി വരുന്ന കുമിളകൾ രാക്ഷസൻ കൂർക്കം വലിയ്ക്കുന്നതിനാലാണേന്നവർക്ക്‌ തോന്നി.  പിന്നെ നിമിഷങ്ങൾക്കകം ഒരു കഥ തയ്യാർ.

ആ കിണറൊരു രാക്ഷസന്റെ വീടാണ്‌.  അതി ദുഷ്ടനായ ഒരു രാക്ഷസന്റെ.  എന്തും തിന്നുന്ന പ്രകൃതം.  വിശക്കുമ്പോളടുത്തുള്ളവർ എപ്പവയറ്റിലായി എന്ന് ചോദിച്ചാൽ മതി.  നല്ല വിശപ്പും.  എന്നാൽ ഉറക്കമൊ, തീരെ കുറവ്‌.  ചെറിയ ശബ്ദം കേട്ടാൽ എഴുന്നേല്ക്കും.  പിന്നെ പകയാണ്‌, ഉറക്കം കളഞ്ഞവരോട്.  ജീവനോടെ വെക്കില്ല്യ.  കാലക്രമേണ അതറിഞ്ഞ്‌ എല്ലാവരും ആ പ്രദേശം ഒഴിവാക്കുമായിരുന്നു.  ഒരീച്ചപോലും ഇല്ല്യാത്ത സ്ഥലം.

അത്തരം സ്ഥലത്താണ്‌ കുട്ടനും കുട്ടിയും ഇപ്പോൾ.  അവരാണെങ്കിൽ കഥ ചർച്ചചെയ്യുകയാണ്‌.  ഉറക്കെയുള്ള സംസാരം. അതും കിണറ്റിനരികിലിരുന്ന്.  രാക്ഷസനുണരാൻ ഇതില്പരം എന്ത് വേണം.  കിണറ്റിലേയ്ക്ക് നോക്കിയിരുന്ന കുട്ടനും കുട്ടിയും  കുമിളകൾ പൊന്തി വരുന്നത് നിന്നതായി കണ്ടു.  രാക്ഷസൻ എഴുന്നേറ്റെന്നവർ ഉറപിച്ചു.  പേടിച്ച് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ.

പിന്നെ ഒന്നും ആലോചിച്ചില്ല്യ.  ജീവൻ രക്ഷിയ്ക്കാൻ രാക്ഷനെ കൊല്ലുകയല്ലാതെ വേറെ വഴിയൊന്നും ഇല്ല്യ.  കിട്ടിയ കല്ലും വടിയും ഒക്കെയിടുത്തവർ കിണറ്റിലേയ്ക്കെറിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കിണറിന്റെ പച്ച നിറം ഒന്നു ചുമന്നു.  കുറഞ്ഞപക്ഷം രാക്ഷസന്‌ പരിക്കേല്കുകയെങ്കിലും ചെയ്തു എന്നവർ ഉറപ്പിച്ചു.  ഓടി വീട്ടിൽ എത്തുന്നതാണ്‌ ബുദ്ധി എന്നവർക്ക് തോന്നി.  ഒരോട്ടം തന്നെയായിരുന്നത്‌.

ഓടി അമ്മയുടെ അടുത്തെത്തി അമ്മയെ കെട്ടിപിടിച്ചു.  അമ്മയും കുട്ടികളെ സാന്ത്വനിപ്പിച്ച് കാര്യം ചോദിച്ചറിഞ്ഞു.  കാര്യമറിഞ്ഞ അമ്മ അവരെ കൌതുകത്തോടെ കളിയാക്കി “അയ്യേ! സ്വയം കഥയുണ്ടാക്കി, അതാലോചിച്ച് പേടിയ്ക്കാ! കഷ്ടം, കഷ്ടം!”  കുട്ടികളും ചിരിച്ചു.

അന്ന് രാത്രി അത്താഴം കഴിയ്ക്കുമ്പോൾ കുട്ടൻ അമ്മയോട് ചോദിച്ചു “അമ്മെ,  ഈ ഒഴിവുകാലത്ത് നമ്മൾ കൊടൈക്കനാലിൽ പോകുന്നുണ്ടെന്ന് പറഞ്ഞില്ല്യെ.  എപ്പോഴാ പോണത്?”  “നീ ആദ്യം കഴിയ്ക്ക്.  അത്താഴത്തിനിടയിൽ ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ പാടില്ല്യ” എന്നായിരുന്നു അമ്മയുടെ ഉത്തരം.
    

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

ശണ്ഠന്റെ വിലാപം