വൈകി വന്ന സൂര്യൻ

സമയം പുലർച്ച അഞ്ച് മണി.  രവിക്കുട്ടൻ എഴുന്നേറ്റ് കക്കൂസിൽ ഇരിപ്പായിരുന്നു, സാക്ഷാൽ രവി ഉണരാൻ ഇനിയും ഒരു മണിക്കൂർ ബാക്കി.  ഒന്ന് മയങ്ങിയെങ്കിലും പ്രകൃതിയുടെ അലാറം കേട്ടുണർന്നു.  കോഴി കൂവിയതല്ലാട്വൊ, തൊട്ടടുത്തുള്ളൊരു മരത്തിൽ നിറയെ മൈനകളുണ്ടായിരുന്നു.  അവരുടെ വകയാണീ അലാറം.  തൽസമയം വാതിലിനടിയിലൂടെ ഒരു സംഘം നുഴഞ്ഞുകയറ്റക്കാർ.  ആൾ ബലം പത്തിരുപതോളമുള്ളൊരു ഉറുമ്പ് സേന.  അവർ കക്കൂസിന്‌ നേരെ പടനീങ്ങുകയായിരുന്നു.  കരുണാവാനായ രവിയ്ക്ക് അത് സമ്മതിയ്ക്കാൻ മനസില്ല്യ.  വെള്ളം ഒഴിയ്ക്കുമ്പോൾ ചാവുമെന്നുള്ള വിഷമം.  ഇതാണ്‌ കക്കൂസിൽ പ്രതിദിനം നടക്കുന്ന യുദ്ധം, ഉറുമ്പ് ചാവാനും രവി രക്ഷിയ്ക്കാനും.  സ്നേഹത്തിന്റെ യുദ്ധം, കരുണയുടെ യുദ്ധം.

കാലങ്ങളുടെ അനുഭവം രവിയ്ക്ക് ചില തന്ത്രങ്ങൾ  സമ്മാനിച്ചിട്ടുണ്ട്, അതിൽ സുപ്രധാനമാണ്‌ വരുണ രേഖ.  ലളിതമായി പറഞ്ഞാൽ, വെള്ളം കൊണ്ടൊരു വര.  അത് താണ്ടാൻ ഉറുമ്പുകൾ ഒന്ന്‌ ബുദ്ധിമുട്ടുമല്ലൊ!  ലളിതമായി പറഞ്ഞെങ്കിലും ഇത് ചെയ്തുനോക്കിയവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്.  കൂടുതൽ വെള്ളം ഒഴിച്ചാൽ അപ്പതന്നെ കുറേയെണ്ണം ചാവും, കുറവൊഴിച്ചാലൊ അവരത് മറികടക്കും.  മാത്രമല്ല, ഈ രേഖ കുറച്ച് നേരത്തേയ്ക്ക് മാത്രമെ നിലനില്ക്കു.  പിന്നെ കാലുകൊണ്ടൊ, ചെരുപ്പു കൊണ്ടൊ, കടലാസുകൊണ്ടൊ അവരുടെ മുന്നേറ്റം തടുക്കാൻ ശ്രമിയ്ക്കും.  നാനാഭാഗത്തുനിന്നുള്ള ആക്രമണം തടയൽ നിസ്സാരമല്ല.

ദിവസേന ഒരു മൂന്നാലെണ്ണമെങ്കിലും ലക്ഷ്യത്തിലെത്തും. ചവിട്ടുകൊണ്ട് പരിക്കുപറ്റുന്നവരും വരുണരേഖയിൽ മുങ്ങിമരിയ്ക്കുന്നവരും വേറെ.  ഏതൊരപകടത്തിൽനിന്ന് രക്ഷപെടുത്താനാണൊ രാക്ഷസൻ ഈ ക്രൂരതകളൊക്കെ കാട്ടിയത്, അതറിഞ്ഞവരാരും പറയാൻ ജീവിച്ചിരിപ്പില്ല്യ.  അങ്ങിനെ രവികുട്ടൻ ഉറുമ്പുകളുടെ അന്തകനായി.

ഒരു ദിവസം രവി എഴുന്നേൽക്കാൻ വൈകി, സമയം എട്ടുമണി.  പാതി ഉറക്കത്തിൽ അവൻ കക്കൂസിലെത്തി.  ഹോസ്റ്റെലിലെ മറ്റനേകം കുട്ടികൾ ഉപയോഗിച്ചതിനാലാവാം നിലത്ത് നിറയെ വെള്ളം. അന്ന്‌ പതിവുപൊലുള്ള ഉറുമ്പാക്രമണവും ഉണ്ടായില്ല്യ.  ഇന്നത്തെ രക്തക്കറ വേറേതൊ ഒരു രാക്ഷസന്റെ കയ്യിലാണ്‌ പുരണ്ടിരിയ്ക്കുന്നത്.  രവിയ്ക്കൊരാശ്വാസം, “എന്നാലും എന്റെ കയ്യോണ്ടല്ലല്ലൊ” എന്ന്.  പിന്നീടത് പതിവായി, എട്ടുമണിയ്ക്കെഴുന്നേൽക്കുന്നത്.


വർഷങ്ങൾ കഴിഞ്ഞു.  രവി ഹൊസ്റ്റൽ വിട്ടു.  വാടക വീട്ടിൽ താമസം തുടങ്ങി.  പതിവുപോലെ എട്ടുമണിയ്ക്ക് എഴുന്നേറ്റ് കക്കൂസിൽ പോയി.  രവിയ്ക്ക് മുൻപ് ആരും അതന്നുപയോഗിച്ചിരുന്നില്ല്യ.  വീടല്ലെ ഹൊസ്റ്റലല്ലലൊ.  വർഷങ്ങൾക്ക് ശേഷം അവനത് വീണ്ടും കണ്ടു - പടയൊരുങ്ങുന്ന ഉറുമ്പുസേന.  അഹിംസയ്ക്കയുള്ള പോരട്ടം രവി വീണ്ടും തുടങ്ങി.  കാലം ചെല്ലുന്തോറും അത് കൂടുതൽ കഠിനമായതെയുള്ളു. 

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

ശണ്ഠന്റെ വിലാപം