പ്രൈവസി

പാശ്ചാത്യ സംസ്കാരത്തിൽ പ്രൈവസിക്കുള്ള മഹത്വത്തിനെ കുറിച്ച് ഞാൻ കുറെ കേട്ടിട്ടുണ്ടായിരുന്നു. മക്കളുടെ റൂമിൽ കയറാൻ അച്ഛനും അമ്മക്കും സമ്മതം ചോദിക്കണം എന്ന് കേട്ടിട്ടുണ്ട്. അതിഥികൾ വരുന്നത് ഒരു ശല്യമായി കാണുന്നവർ ധാരാളം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നത് തെറ്റായിട്ടാണ് അവർ കാണുന്നത് എന്ന് കേട്ടിട്ടുണ്ട്. അങ്ങിനെ പലതും. എന്നാൽ ഇവിടെ വന്നപ്പോളാണ് ഞാൻ മനസിലാക്കിയത്, എനിക്ക് പ്രാധാന്യമുള്ള, ഞാൻ പ്രൈവസി എന്ന് വിശേഷിപ്പിക്കുന്ന, പലതും ഇവിടെ ഉള്ളവർക്ക് പ്രധാനമല്ല. ആ തിരിച്ചറിവ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഒരുദാഹരണം പറയുകയാണെങ്കിൽ, ഇവിടെ ഒരു വിധം ചെറിയ വീടുകളിൽ ഒക്കെ ഒരു കുളിമുറിയെ ഉള്ളു. രണ്ട് കിടപ്പറയുണ്ടെങ്കിലും. ഒരു വീട് രണ്ട് പേര് കൂടി ഷെയർ ചെയ്യുന്നത് വളരെ സാധാരണവുമാണ്. തികച്ചും അപരിചിതർ ആയവരുടെ കൂടെയായിരിക്കും താമസം. ദമ്പതികളും ഇങ്ങിനെ വീട് പങ്കുവെക്കാറുണ്ട്. അവർക്ക് ആകെ ഉള്ള ആ കുളിമുറി പങ്ക് വെക്കേണ്ടി വരും. അതിൽ അവർക്കൊരു ബുദ്ധിമുട്ടും ഇല്ല. എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ അവിടെ മുറികൾ കുറ്റി ഇടാൻ ഒരു വഴിയും ഇല്ല. അതും ഒരു അത്ഭുതമായി...