പ്രൈവസി

പാശ്ചാത്യ സംസ്കാരത്തിൽ പ്രൈവസിക്കുള്ള മഹത്വത്തിനെ കുറിച്ച് ഞാൻ കുറെ കേട്ടിട്ടുണ്ടായിരുന്നു. മക്കളുടെ റൂമിൽ കയറാൻ അച്ഛനും അമ്മക്കും സമ്മതം ചോദിക്കണം എന്ന് കേട്ടിട്ടുണ്ട്. അതിഥികൾ വരുന്നത് ഒരു ശല്യമായി കാണുന്നവർ ധാരാളം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നത് തെറ്റായിട്ടാണ് അവർ കാണുന്നത് എന്ന് കേട്ടിട്ടുണ്ട്. അങ്ങിനെ പലതും. എന്നാൽ ഇവിടെ വന്നപ്പോളാണ് ഞാൻ മനസിലാക്കിയത്, എനിക്ക് പ്രാധാന്യമുള്ള, ഞാൻ പ്രൈവസി എന്ന് വിശേഷിപ്പിക്കുന്ന, പലതും ഇവിടെ ഉള്ളവർക്ക് പ്രധാനമല്ല. ആ തിരിച്ചറിവ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.

ഒരുദാഹരണം പറയുകയാണെങ്കിൽ, ഇവിടെ ഒരു വിധം ചെറിയ വീടുകളിൽ ഒക്കെ ഒരു കുളിമുറിയെ ഉള്ളു. രണ്ട് കിടപ്പറയുണ്ടെങ്കിലും. ഒരു വീട് രണ്ട് പേര് കൂടി ഷെയർ ചെയ്യുന്നത് വളരെ സാധാരണവുമാണ്. തികച്ചും അപരിചിതർ ആയവരുടെ കൂടെയായിരിക്കും താമസം. ദമ്പതികളും ഇങ്ങിനെ വീട് പങ്കുവെക്കാറുണ്ട്. അവർക്ക് ആകെ ഉള്ള ആ കുളിമുറി പങ്ക് വെക്കേണ്ടി വരും. അതിൽ അവർക്കൊരു ബുദ്ധിമുട്ടും ഇല്ല. എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ അവിടെ മുറികൾ കുറ്റി ഇടാൻ ഒരു വഴിയും ഇല്ല. അതും ഒരു അത്ഭുതമായി തോന്നി. പിന്നെ നീന്തൽ കുളങ്ങളോട് ചേർന്നുള്ള ഷവർ റൂമിൽ എല്ലാവരും നഗ്നരായി കുളിക്കും എന്ന് കേട്ടു. അതിനാൽ തന്നെ ഞാൻ ആ പരിസരത്തേക്ക് പോയതേ ഇല്ല. ഓഫീസിൽ ക്യൂബിക്കിൾ ഇല്ല. ഞാൻ എന്ത് ചെയ്യുന്നു എന്ന് എല്ലാർക്കും കാണാം. ഇങ്ങിനെ പലതും.

അപ്പോൾ എന്താണ് ഇവരുടെ പ്രൈവസി? എനിക്ക് മുഴുവൻ മനസിലായിട്ടില്ല, എന്നാലും ചുരുക്കി പറഞ്ഞാൽ, വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. ഞാൻ പലരോടും സംസാരിച്ചിട്ടുണ്ടെങ്കിലും "വീട്ടിൽ ആരൊക്കെ ഉണ്ട്" എന്ന ചോദ്യം ആരും ചോദിച്ചിട്ടില്ല. നാട്ടിൽ നമ്മൾ ആദ്യം ചോദിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. ഇതൊരുദാഹരണം മാത്രം. ഇങ്ങിനെ പലതും. വളരെ കുറച്ച് ചോദ്യങ്ങളെ ചോദിച്ച് കെട്ടിട്ടുള്ളൂ. "എന്ത് പറയുന്നു?", "കഴിഞ്ഞ വീക്കെൻഡിൽ എന്ത് ചെയ്തു?", "വൈകീട്ടെന്താ പരിപാടി?", "വീക്കെൻഡിൽ എന്താ പരിപാടി?". കഴിഞ്ഞു. പിന്നെ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചുറ്റി പറ്റി കുറച്ച് സംസാരം. അത്ര തന്നെ. അതുകൊണ്ട് തന്നെ ആരോടും ഒരടുപ്പമൊന്നും തോന്നില്ല. മൂന്ന് മാസം ഇവിടെ താമസിച്ചെങ്കിലും ഇപ്പോഴും ഒരു ഫ്രണ്ടെന്ന് പറയാൻ ആരും ആയിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങിനെ. കുറേ ബുദ്ധിമുട്ടിയിട്ടാണ് സംസാരിക്കാൻ പറ്റാവുന്ന ഒന്നുരണ്ട് പേരെ കിട്ടിയത്. അവർ ഇന്ത്യക്കാരാണ്. ഇതാണവസ്ഥ.

ഇത്തരം സ്വാകാര്യതയിലേക്കുള്ള ഇടിച്ചുകയറ്റങ്ങൾ സ്നേഹ പ്രകടനമാണ് എന്ന് കരുത്തുന്ന ആളാണ് ഞാൻ. അതിനാൽ തന്നെ നാട്ടിലെ സാമൂഹിക ജീവിതം ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു. എന്നാൽ നമ്മുടെ നാടും പോകുന്നത് ഇതേ ദിശയിൽ ആണെന്ന് തോന്നുന്നു. പലരും പറയുന്നത് കേൾക്കാം "കല്യാണം കഴിഞ്ഞുവോ?", "എന്താ കഴിയാത്തത്?", "എന്താ കുട്ടികളാവാത്തത്?" എന്നിവയൊന്നും ചോദിക്കാൻ പാടില്ല. അതൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ആണ് എന്നൊക്കെ. ഞാൻ സ്നേഹിക്കുന്ന സമൂഹം നാട്ടിലും എത്രകാലം ഉണ്ടാകും എന്നത് ഒരു വലിയ ചോദ്യം തന്നെ ആണ്.



Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും