വനിതാ കണ്ടക്റ്റർ

അന്നത്തിനായിട്ടെന്നും അന്യന്റെ ധനം പേറും
കൊച്ചു ബാങ്കുകളല്ലൊ ബസ്സിലെ കണ്ടക്റ്റർമാർ
ഒന്നു ചിരിയ്ക്കുന്നത് ഇന്നോളം കണ്ടിട്ടില്ല
എന്റെ ബംഗലൂരുവിൻ ബസ്സിലെ കണ്ടക്റ്റർമാർ
തിക്കിലും തിരക്കിലും നിക്കുന്ന നേരത്തല്ലൊ
കാശു കൈമാറുന്നത് ബസ്സിലെ കണ്ടക്റ്റർമാർ
ഉള്ളിലെ പരിഭ്രമം ഓർക്കുകിൽ ചിത്രമല്ല
പുഞ്ചിരി വിഹീനമാം ബസ്സിലെ കണ്ടക്റ്റർമാർ

നരക തുല്യമാണ്‌ ബസ്സിലെ യാത്രയെന്ന്
നാരിമാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ടൊരുപാട്‌
നാറികളായ ചിലർ തോണ്ടുന്നു തലോടുന്നു
ബ്രേക്കു മുതലെടുത്തു ചാരുന്നു വേറെ ചിലർ
കാമനെ ദഹിപ്പിയ്ക്കും നോട്ടമുള്ളോരുമുണ്ട്
കാതു പുഴുക്കുമാറ്‌ പേശുന്നു വേറെ ചിലർ
ചില്ലറയല്ല കഷ്ടം വനിതകൾക്കെന്നാകിൽ
എത്ര സഹിച്ചീടുന്നു വനിതാ കണ്ടക്റ്റർമാർ

ബസ്സിനുള്ളിൽ ഞാൻ ഇന്നു കേറിയ നേരത്തിങ്കൽ
കണ്ടു എൻ മുന്നിൽ വന്ന വനിതാ കണ്ടക്റ്ററെ
കറുത്തുരുണ്ട മേനി പൊന്തിയ പല്ലും പേറി
വരുന്നതൊന്നു കണ്ടാൽ കൊമ്പനാണെന്നെ തോന്നു
ലക്ഷണയുക്തയല്ല എന്നതു സത്യം തന്നെ
പക്ഷേ ഞാൻ കണ്ടിട്ടില്ല ഇത്രയും സുന്ദരിയെ
സൌമ്യ സംസാരത്താലും സുസ്മിത മുഖത്താലും
സുമുഖി അല്ലെന്നാലും കവർന്നെൻ മനസ്സവൾ

പെരുത്ത മോദത്തോടെ ചിരിച്ചു കളിച്ചവൾ
നിറഞ്ഞ സ്നേഹത്തോടെ ടിക്കെറ്റു തന്ന നേരം
എന്തിവൾ ആനന്ദത്തിൻ മൂലമെന്നറിയുവാൻ
എന്തെന്നറിയാത്തൊരു ആഗ്രഹം ഉള്ളിൽ തോന്നി
എന്തു തന്നെ ആകിലും ഇല്ലൊരു സന്ദേഹവും
മൂലമെന്തിവളുടെ ചന്തതിനെന്നെനിയ്ക്ക്‌
അന്തരം നിറയുമീ ആനന്ദത്തെ വെല്ലുന്ന
സൌന്ദര്യം ഭുവനത്തിൽ ഇല്ലെന്നു ഞാൻ അറിഞ്ഞു

Comments

Popular posts from this blog

സൗന്ദര്യലഹരി

ശണ്ഠന്റെ വിലാപം

ശബരിമല