കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ?

രംഗം: ഒരു രാജ്യ സഭ, രാജസിംഹാസനത്തിൽ നിന്നുള്ള ദൃശ്യം.  സഭയുടെ ഇരുവശത്തായി ഇരുപതോളം അംഗങ്ങൾ ആസനസ്ഥരാണ്‌.  കുറച്ച് ഭടന്മാർ. ബാക്കിയുള്ള ആസനങ്ങളിൽ നിന്ന് കുറച്ച് വിട്ട്, ഏറ്റവും മുമ്പിൽ, ഗാംഭീര്യം കുറച്ചധികമുള്ള മറ്റൊരാസനം.  അതിൽ കണ്ണുകളിൽ അതീവ തേജസുള്ള ഒരാളും, രാജ്യത്തിന്റെ മന്ത്രി.

മന്ത്രി പതുക്കെ എഴുന്നേറ്റ് സഭയുടെ മധ്യഭാഗത്തേക്ക് വരുന്നു.  എന്നിട്ട് സിംഹാസനത്തിനെ (കാണികളെ) അഭിമുഖീകരിച്ച് പറഞ്ഞു    

മന്ത്രി: രാജൻ! ഇന്ന് നമ്മുടെ മുമ്പാകെ പരാതി സമർപിയ്ക്കാൻ എത്തിയിരിക്കുന്നത് അനേകം യുദ്ധങ്ങളുടെ വിജയകാരണമായ ശ്രീമാൻ ആദിത്യ വർമ്മയാണ്‌.  ഏകദേശം ഒരു ദശവർഷം മുമ്പെ, ഒരു യുദ്ധത്തിൽ അദ്ദേഹത്തിന്റെ ഇടതുകയ്യ് തളർന്ന് പോയതും, തന്മൂലം സൈന്യത്തിൽ നിന്ന് വിരമിച്ചതും നമ്മുക്കേവർക്കും അറിയാവുന്നതാണല്ലൊ.  അന്നത്തെ രാജാവായ ഭവാന്റെ പിതാവ്, ആദിത്യ വർമ്മയുടെ അതുവരെയുള്ള സേവനം കണക്കിലെടുത്ത് സൈന്യത്തിൽ തുടരാനുള്ള സമ്മതം കൊടുത്തുവെങ്കിലും, അദ്ദേഹമത് നിരസിച്ചു.  യുദ്ധം ചെയ്യാൻ കഴിവില്ലാത്തൊരാൾ യോദ്ധാവാവുനത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.  ഇത്തരമൊരു ഉത്തമ സൈനികനാണ്‌ വാദി.  പ്രതിയോ, യുവ സൈനികന്മാരിൽ ഏറ്റവും പ്രത്യാശയുണർത്തുന്ന നരേന്ദ്ര വർമ്മ.  നരേന്ദ്ര വർമ്മ ആദിത്യ വർമ്മയെ ആക്രമിച്ച് അത്യാസന്ന നിലയിൽ ആക്കിയെന്നും, അതിനാൽ അദ്ദേഹത്തിന്റെ ഉടവാളും പിന്നെ നൂറ്‌ സ്വർണ്ണനാണയങ്ങളും കളവുപോയി എന്നുമാണ്‌ പരാതി .  സാക്ഷികളായി ആദിത്യ വർമ്മയുടെ സാരഥി, ഒരു വഴിയോര ഭക്ഷണശാലയുടമ, പിന്നെ വേറെയൊരു വഴിപോക്കനും. (മന്ത്രി ഒരു ഭടന്‌ നേരെ തിരിഞ്ഞ്)  അവരെ കൊണ്ടുവരു, വേഗം!

ഭടൻ പോയി അല്പസമയത്തിനുള്ളിൽ തിരിച്ച് വന്നു.  ഭടന്റെ തൊട്ടുപിന്നിൽ സുന്ദരനും, കരുത്തനുമായൊരു യുവാവ് സൈനിക വേഷത്തിൽ, വസ്ത്രമെമ്പാടും ഭക്ഷണക്കറയായി തടിച്ച് ഉന്തിയ വയറുള്ള ഒരു മധ്യവയസ്കൻ, ശരീരവും വസ്ത്രവും ഒരുപോലെ ജീർണിച്ച ഒരു ബാലൻ (മുഖത്ത് പേടിയുണ്ട്‌), ഒടുവിൽ നാലാളുടെ സഹായത്താൽ തുറന്ന പല്ലക്കിൽ വരുന്ന മറ്റൊരാൾ.  പ്രൗഢി നിറഞ്ഞ മുഖം.  ശരീരം തളർന്നിട്ടും മനസ് തളർനിട്ടിലെന്ന് വ്യക്തം.  എല്ലാവരും സഭയുടെ നടുവിൽ എത്തിച്ചേർന്നു.  പല്ലക്ക് ഇറക്കി വെച്ച് അത് ചുമന്നവർ സഭ വിട്ട് പോയി.

മന്ത്രി: (നരേന്ദ്ര വർമ്മയുടെ നേർക്കുനോക്കി)  താങ്കളാണൊ ആദിത്യ വർമ്മയെ അക്രമിച്ച് ഈ നിലയിലാക്കിയത്?

നരേന്ദ്ര വർമ്മ: അതെ.

മന്ത്രി: എന്തായിരുന്നു താങ്കളുടെ ലക്ഷ്യം?  താങ്കൾ കളവിൽ പങ്കാളിയാണൊ?

നരേന്ദ്ര വർമ്മ: കളവിൽ എനിക്ക് യാതൊരു പങ്കുമില്ല.  ഞാൻ കാണുമ്പോൾ ഇദ്ദേഹം ഒരു സ്ത്രീയെ ആക്രമിക്കുന്നതായിട്ടാണ്‌ കണ്ടത്.  അബലയായ ആ നാരി സഹായത്തിന്‌ വേണ്ടി കരയുകയായിരുന്നു.  രക്ഷിക്കുക എന്നുമാത്രമായിരുന്നു എന്റെ ലക്ഷ്യം.  ആ നിൽകുന്ന ബാലനും കണ്ടതാണ്‌.

മന്ത്രി:(ബാലനെ നോക്കി) ആണൊ?

ബാലൻ: (പേടിയോടെ) അതെ.

മന്ത്രി: പേടിക്കണ്ട.  വിസ്തരിച്ച് പറയു.

ബാലൻ: ഞാൻ കാണുമ്പോൾ ഇദ്ദേഹം (ആദിത്യ വർമ്മയെ ചൂണ്ടി) ഒരു സ്ത്രീയുടെ കഴുത്ത് പിടിച്ച് ഒരു മരത്തിലേക്ക് ചേർത്തി എന്തൊ സംസാരിക്കുന്നതാണ്‌ കണ്ടത്.  അവർ രക്ഷയ്ക്കായി നിലവിളിക്കുന്നുണ്ടായിരുന്നു. ഉടൻ ഇദ്ദേഹവും (നരേന്ദ്ര വർമയെ ചൂണ്ടി) അവിടെ എത്തി.  സ്ത്രീയെ ആക്രമിക്കുന്ന കാഴ്ച്ച കണ്ടതും അദ്ദേഹം ഗദയെടുത്ത് യുദ്ധത്തിന്‌ പുറപെട്ടു.

മന്ത്രി: അങ്ങിനെയാണെങ്കിൽ ആ സ്ത്രീ എവിടെയാണിപ്പോൾ? (ഒരു നിമിഷത്തിന്റെ നിശബ്ദതക്കുശേഷം ആദിത്യ വർമ്മയെ നോക്കി)  ഇവർ പറയുന്നതിൽ വല്ല സത്യവുമുണ്ടൊ?  താങ്കളൊരു സ്ത്രീയെ ആക്രമിക്കുമെന്ന് എനിക്ക് ആലോചിക്കാൻ പോലും വയ്യ. 

ആദിത്യ വർമ്മ: ഇവർ പറഞ്ഞത് സത്യമാണ്‌.

മന്ത്രി: (ആശ്ചര്യതോടെ) ഏ?

ആദിത്യ വർമ്മ: ആ സ്ത്രീ എന്റെ ഉടവാളും, പണവും മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.  ബുദ്ധിമുട്ടി അവസാനം പിടിച്ചപ്പോളേക്കുമാണ്‌ ഇദ്ദേഹം എന്നെ പിന്നിൽ നിന്നാക്രമിച്ചത്. 

മന്ത്രി: ഒരു കയ്യില്ലെങ്കിലും ഒരു സ്ത്രീ താങ്കളെ കൊള്ളയടിച്ചെന്നും അത് തടയാൻ ബുദ്ധിമുട്ടിയെന്നും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

നരേന്ദ്ര വർമ്മ: അതെ.  എന്റെ ആദ്യപ്രഹരം തടുത്തുവെന്ന് മാത്രമല്ല, പിന്നെ ഞങ്ങൾ രണ്ടു പേരുടെയുമെതിരെ ഇദ്ദേഹം ഒറ്റക്ക് പൊരുതി നിൽക്കുകയും ചെയ്തു. 

ആദിത്യ വർമ്മ: ഞാൻ എന്റെ ഭാര്യയും മകളും കൂടി ഒരു വിരുന്ന് പോയി മടങ്ങുന്ന വഴി ഒരു പുഴക്കരയിൽ അല്പസമയം കുതിരവണ്ടി നിർത്തി.  വണ്ടിയിൽ ഈ സ്ത്രീയെക്കൂടി കേറ്റുമൊ എന്നുചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു.  രാത്രി അത്താഴത്തിനും വിശ്രമിക്കാനും വേണ്ടി ഞങ്ങൾ അദ്ദേഹത്തിന്റെ (തടിച്ച് വയറുന്തിയ ആളെ ചൂണ്ടി) ഭക്ഷണശാലയിൽ കയറി.  അതിനാൽ ഞാൻ ഇപ്പറഞ്ഞതെല്ലാം സത്യമാണെന്ന്‌ അദ്ദേഹത്തിനറിയാം.

ഭക്ഷണശാലയുടമ : എല്ലാം സത്യം തന്നെ. 

ആദിത്യ വർമ്മ: ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ കുതിരവണ്ടിയിൽ തന്നെ ഉറങ്ങി.  ഒരുശബ്ദം കേട്ട് ഞാൻ ഉണർന്നപോൾ അവൾ എന്റെ പണവും, ഉടവാളും അടങ്ങിയ സഞ്ചി കൊണ്ടോടുന്നു.  സൂര്യനുദിച്ച് ഒന്നുരണ്ട് മണിക്കൂറായി കാണും, യാത്രയുടെ ക്ഷീണം കൊണ്ടാവാം കൂടുതൽ ഉറങ്ങിയത്.  അവൾ അതിവേഗത്തിൽ ഓടി.  ഒരു മണികൂറോളം നീണ്ട പിന്തുടരലിനു ശേഷം ഞാൻ അവളെ പിടികൂടി.  ഒരു കത്തിയെടുത്ത് എന്നെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ഉടനെ അവളെ കീഴ്പ്പെടുത്തി.  പക്ഷേ ഇദ്ദേഹം എന്നെ ആക്രമിച്ചതിനാൽ അവൾ രക്ഷപ്പെട്ടുവെന്ന് മാത്രമല്ലാ മുതുകിലേറ്റ ഗദാപ്രഹരത്താൽ അരയ്ക്ക് കീഴ്പോട്ട് തളർന്നും പോയി. 

നരേന്ദ്ര വർമ്മ: ചെയ്ത തെറ്റിന്‌ ഞാൻ മാപ്പ് ചോദിക്കുന്നു.  അപകടത്തിൽ പെട്ട ഒരു നാരിയുടെ രക്ഷ, അത്രയെ ഞാൻ വിചാരിച്ചുള്ളു.  എന്റെ ഉദ്ദേശശുദ്ധി വ്യക്തമാണെന്ന് കരുതുന്നു.

ആദിത്യ വർമ്മ: അത് താങ്കളുടെ പ്രവൃത്തിയെ ന്യായികരിക്കില്ല.  ഞാനാണ്‌ തെറ്റുകാരനെന്ന് താങ്കൾ എങ്ങിനെ ഉറപ്പിച്ചു? ശാരീരിക ബലം എനിക്കാണ്‌ കൂടുതൽ എന്നതിനാലൊ?  ഞാൻ നിരായുധനായിരുന്നു എന്നോർക്കണം. 

മന്ത്രി: (നരേന്ദ്ര വർമ്മയോട്) താങ്കൾ എന്തുകൊണ്ടൊരു സംവാദത്തിനൊരുങ്ങിയില്ല.  അല്ലെങ്കിലൊരു ഭീഷണി മുഴക്കിയില്ല. 

നരേന്ദ്ര വർമ്മ: അക്രമി ശരിക്കും കശ്മലനായവശം അത് കാര്യങ്ങൾ കൂടുതൽ കുഴപ്പിക്കുകയെ ഉള്ളു, അക്രമിയുടെ കയ്യിൽ ഒരു ബന്ദി ഉള്ളതിനാൽ.  എതിർക്കാൻ സമയം കിട്ടുന്നതിന്‌ മുൻപെ ആക്രമിച്ച് കീഴ്പ്പെടുത്തലാണ്‌ ഉത്തമ പോംവഴി. പക്ഷേ എനിക്കത് സാധിച്ചില്ല. 

ആദിത്യ വർമ്മ: ശരിതന്നെ, പക്ഷേ ഞാനാണ്‌ തെറ്റുകാരൻ എന്നെങ്ങിനെ ഉറപ്പിച്ചു! 

നരേന്ദ്ര വർമ്മ: എനിക്കറിയില്ല, കരുത്തുകൂടുതലാവാം കാരണം.  കരുത്തില്ലാത്തവന്‌ ദ്രോഹംചെയ്യാൻ സാധ്യമല്ല എന്നുള്ള തോന്നലാവാം. 
  
ആദിത്യ വർമ്മ: ശരിയായിരിക്കാം, പക്ഷേ രണ്ട് കാര്യങ്ങൾ.  ഒന്ന്, കരുത്തുള്ളവൻ ദ്രോഹിയാവണം എന്നില്ല.  രണ്ടുപേരുടെ പക്കലും ന്യായം ഉണ്ടാവാം.  ഈയിടെ ഒരു കുട്ടി എട്ടുകാലി വലയിൽ നിന്നൊരു പ്രാണിയെ രക്ഷിച്ചതിനെ ചൊല്ലി അഭിമാനിക്കുന്നത് ഞാൻ കാണുകയുണ്ടായി.  എന്താണാ എട്ടുകാലിയുടെ തെറ്റ്?  കരുത്തനായതൊ?  അവനും ആഹാരം കഴിക്കണ്ടെ. കരുത്തൻ എന്നുള്ളത് ദുഷ്ടൻ എന്നുള്ളതിന്റേ പര്യായമല്ല.  രണ്ട്, കരുത്ത് പലതരത്തിലുണ്ടല്ലൊ.  ശാരീരികബലപ്രയോഗം എന്തുകൊണ്ട് കൂടുതൽ വിമർശനത്തിനിരയാവുന്നു? കയ്യൂക്ക് മാത്രം കൈമുതലുള്ളൊരുവനെ പണം വിദ്യാഭ്യാസം സ്ഥാനമാനങ്ങൾ എന്നിവ ഉപയോഗിച്ച് ചൂഷണം ചെയ്താൽ, അവൻ കയ്യൂക്കുപയോഗിക്കുന്നതിൽ തെറ്റെന്താണ്‌?


  
നരേന്ദ്ര വർമ്മ: ഒരു കണക്കുവരെ ഇതിൽ ന്യായമുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു.  സ്ഥാനമാനങ്ങൾ ഉണ്ടെങ്കിൽ അക്രമം അധികാരികളുടെ ചെവിയിൽ പെടാതെ നോക്കുവാൻ വലിയപാടൊന്നുമില്ല.  പക്ഷേ അതനുവദിച്ച് കൊടുത്താലുള്ള സ്ഥിതി എന്താവും എന്നൊന്നാലൊചിച്ചു നോക്കു.  എല്ലാവരും അക്രമത്തിന്‌ മുതിരും.  അവനവന്റെ കണ്ണിൽ എല്ലാവർക്കും ന്യായം ഉണ്ടാവും. പക്ഷേ, ശരിക്കും ന്യായം ഉള്ളവർ മാത്രമെ അക്രമികളാവുള്ളു എന്നുറപിച്ചു പറയാൻ പറ്റുമൊ ? ഇല്ല!  രാജ്യമെമ്പാടും കോലാഹലമാവും.  അതനുവദിച്ചു കൂടാ.  ഞാൻ ഒരു തരത്തിലുള്ള അക്രമത്തിനേയും ന്യായികരിക്കുകയല്ല.  മറ്റുവിധത്തിലുള്ള അക്രമങ്ങൾ കൂടുതൽ സൂക്ഷ്മമായതിനാൽ കണ്ടു പിടിക്കാൻ വിഷമമാണെന്ന് മാത്രം.  തെളിഞ്ഞാൽ തുല്യശിക്ഷ തന്നെ വേണം.  താങ്കളെ കീഴടക്കിയതിനുശേഷം കാര്യങ്ങൾ അന്വേഷിക്കാം എന്ന് കരുതിയെന്നുമാത്രം.  എന്റെ കഴിവുകേട്, അതെനിക്ക് പറ്റിയില്ല. ഞാൻ ആ അവസ്ഥയിൽ എന്തുചെയ്യണമായിരുന്നു എന്നാണഭിപ്രായം?  കണ്ടില്ല എന്ന് നടിച്ച് കടന്നു പോകണമായിരുന്നൊ?  ആ സ്ത്രീ സഹായത്തിന്‌ അർഹയായിരുന്നെങ്കിലൊ?  അപ്പോൾ തിരിഞ്ഞ് നോക്കാതെ പോയാൽ വലിയ അപരാധം ആവില്ലെ? 

ആദിത്യ വർമ്മ: ഇപ്പോൾ എനിക്ക് പറ്റിയ നഷ്ടമൊ?

നരേന്ദ്ര വർമ്മ: അതിൽ ഞാൻ അതിയായി ഖേദിക്കുന്നു.  ഞാൻ വീണ്ടും വീണ്ടും അങ്ങയോടു മാപ്പുചോദിക്കുന്നു.

മന്ത്രി: രണ്ടുപേരും അവരവരുടെ ഭാഗം വ്യക്തമാക്കി കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഇനി കൂടുതൽ ദീർഘിപ്പിക്കേണ്ട.  വിധി രാജാവ് നടപ്പാക്കും.  (കാണികളെ നോക്കി, തലകുനിച്ച്) രാജൻ! 

Popular posts from this blog

സൗന്ദര്യലഹരി

ശണ്ഠന്റെ വിലാപം

ഫെമിനിസം